നഷ്ടപരിഹാര തുക കെട്ടിവെച്ചാല്‍ കടല്‍ക്കൊല കേസ് അവസാനിപ്പിക്കാം; സുപ്രീം കോടതി

ന്യൂഡല്‍ഹി: കടല്‍ക്കൊല കേസുമായി ബന്ധപ്പെട്ട് മത്സ്യതൊഴിലാളികളുടെ കുടുംബത്തിന് നല്‍കേണ്ട നഷ്ടപരിഹാര തുക കെട്ടിവച്ചാലേ കേസ് അവസാനിപ്പിക്കുവെന്ന് സുപ്രീം കോടതി. നഷ്ടപരിഹാര തുക കെട്ടിവയ്ക്കാന്‍ ഇറ്റലി നടപടി ആരംഭിച്ചു എന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. എന്നാല്‍, പണം കെട്ടിവച്ചതിന്റെ രേഖ കണ്ടാലേ കേസ് അവസാനിപ്പിക്കാന്‍ കഴിയുവെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഇറ്റാലിയന്‍ നാവികര്‍ പ്രതികളായ കേരളത്തിലെ കടല്‍ക്കൊല കേസ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഹര്‍ജി അടുത്ത ആഴ്ച പരിഗണിക്കാനായി മാറ്റിവച്ചു.

കൊല്ലപ്പെട്ട മത്സ്യതൊഴിലാളികളുടെ കുടുംബത്തിനും ബോട്ടുടമക്കും നല്‍കാനുള്ള 10 കോടി രൂപ കെട്ടിവെച്ചാല്‍ ഉടന്‍ കേസ് അവസാനിപ്പിക്കാമെന്ന് നേരത്തെ തന്നെ കോടതി വ്യക്തമാക്കിയിരുന്നു. പണം നല്‍കാമെന്ന് ഇറ്റലി കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു. മത്സ്യതൊഴിലാളികളുടെ കുടുംബത്തിന് നാല് കോടി രൂപ വീതവും ബോട്ടുടമ ഫ്രഡിക്ക് രണ്ട് കോടി രൂപയുമാണ് നല്‍കുക.

Top