നിലപാട് പറയാൻ ഹാദിയക്ക് സുവർണ്ണാവസരം, നേരിട്ട് ഹാജരാകണമെന്ന് സുപ്രീം കോടതി

hadiya

ന്യൂഡല്‍ഹി: ഹാദിയയെ ഹാജരാക്കാന്‍ സുപ്രീംകോടതിയുടെ നിര്‍ദേശം. നവംബര്‍ 27ന് 3 മണിക്ക് മുമ്പ് ഹാജരാക്കണമെന്നാണ് അച്ഛന്‍ അശോകനോട് കോടതി നിര്‍ദേശിച്ചത്.

വിവാഹം വ്യക്തിപരമാണ്, ക്രിമിനലിനെ വിവാഹം കഴിക്കരുതെന്നും പ്രണയിക്കരുതെന്നും ഏത് നിയമത്തിലാണ് ഉള്ളതെന്നും കോടതി ചോദിച്ചു.

ഹാദിയയെ ആസൂത്രിതമായി മതം മാറ്റിയതാണെന്ന് എന്‍ഐഎ കോടതിയെ അറിയിച്ചു. ഹാദിയക്ക് പറയാനുള്ളത് കേട്ടതിന് ശേഷം അച്ഛന്‍റെയും എന്‍ഐഎയുടെയും വാദം കൂടി കേട്ട ശേഷമാകും അന്തിമ വിധി.

അടച്ചിട്ട കോടതിയില്‍ വാദം കേള്‍ക്കണമെന്ന ഹാദിയയുടെ അച്ഛന്റെ ആവശ്യം കോടതി തള്ളി. ഹാദിയയുടെ നിലപാട് അറിഞ്ഞ ശേഷം അച്ഛന്റെയും എന്‍ഐഎയുടെയും വാദം കേള്‍ക്കും.

അതേസമയം ഹാദിയ ഒറ്റപ്പെട്ട സംഭവമല്ലെന്ന് എന്‍ഐഎ വ്യക്തമാക്കി. ഹാദിയയുടേത് ‘സൈക്കോളജിക്കല്‍ കിഡ്‌നാപ്പിംഗ്’ ആണെന്ന് എന്‍ഐഎ കോടതിയില്‍ അറിയിച്ചു.

ഹാദിയയുടെ വിവാഹം റദ്ദ് ചെയ്ത ഹൈക്കോടതി വിധിക്കെതിരായി ഭർത്താവ്​ ഷെഫിൻ ജഹാൻ നൽകിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ നിര്‍ദേശം. ഷെഫിനെതിരായുള്ള അന്വേഷണത്തിന്‍റ ആദ്യ റിപ്പോർട്ട് എന്‍.ഐ.എ കഴിഞ്ഞ ദിവസം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

ഷെഫിന്‍ ജഹാന് ഭീകരബന്ധമുണ്ടെന്ന് ആരോപിച്ച് ഹാദിയയുടെ അച്ഛന്‍ അശോകന്‍ സമര്‍പ്പിച്ച ഹര്‍ജിയും കോടതി തിങ്കളാഴ്ച പരിഗണിച്ചിരുന്നു.

അന്വേഷണത്തില്‍ ഇതുവരെ കണ്ടെത്തിയ വിവരങ്ങള്‍ എന്‍.ഐ.എ മുദ്രവച്ച കവറിലാണ് കോടതിക്ക് കൈമാറിയിരുന്നത്.

ഹൈക്കോടതി നടപടി തെറ്റായിരുന്നുവെന്നായിരുന്നു സംസ്ഥാനസര്‍ക്കാരിന്റെ നിലപാട്. വൈകാരികമായല്ല, നിയമം മുന്നില്‍വച്ചാണ് വാദിക്കേണ്ടതെന്ന് അഭിഭാഷകര്‍ക്ക് കോടതിയുടെ കര്‍ശന നിര്‍ദേശമുണ്ടായിരുന്നു.

ഷെഫിന്‍ ജഹാന്റെയും എന്‍.ഐ.എയുടെയും അഭിഭാഷകര്‍ തമ്മില്‍ കഴിഞ്ഞതവണ വാക്കുതര്‍ക്കമുണ്ടായതിനെ തുടര്‍ന്നായിരുന്നു നിര്‍ദേശം. ഐ.എസ് ബന്ധം ആരോപിച്ച് എന്‍.ഐ.എ അറസ്റ്റ് ചെയ്ത മന്‍സി ബുറാക്കുമായി ഷെഫിന്‍ ജഹാന് അടുത്തബന്ധമുണ്ടെന്ന് ഹാദിയയുടെ അച്ഛന്‍ അശോകന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. ഇരുവരും സാമൂഹികമാധ്യമങ്ങളില്‍ നടത്തിയ ആശയവിനിമയത്തിന്റെ രേഖകളും ഹര്‍ജിക്കൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്.

ഹാദിയക്കേസിന്റെ പേരില്‍ പോപ്പുലര്‍ ഫ്രണ്ട് വ്യാപകമായി പണപിരിവ് നടത്തുന്നുവെന്നും ഇതുവരെ എണ്‍പത് ലക്ഷം രൂപ പിരിച്ചെടുത്തുവെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Top