കര്‍ഷക സമരം പരിഹരിക്കാത്തതില്‍ ആശങ്ക പ്രകടിപ്പിച്ച് സുപ്രീം കോടതി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ തുടരുന്ന കര്‍ഷക സമരത്തില്‍ ആശങ്ക പ്രകടിപ്പിച്ച് സുപ്രീംകോടതി. കര്‍ഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട നിലവിലെ അവസ്ഥയില്‍ യാതൊരു പുരോഗതിയുമില്ലെന്നും കാര്‍ഷിക നിയമങ്ങളെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജികള്‍ തിങ്കളാഴ്ച(ജനുവരി 11) പരിഗണിക്കുമെന്നുമാണ് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് പറഞ്ഞത്. ജസ്റ്റിസുമാരായ എ.എസ്. ബൊപ്പണ്ണ, വി. രാമസുബ്രഹ്മണ്യം തുടങ്ങിയവരായിരുന്നു ബെഞ്ചിലെ മറ്റ് അംഗങ്ങള്‍.

പുതിയ കാര്‍ഷിക നിയമങ്ങളുടെ ഭരണഘടനാസാധുത ചോദ്യം ചെയ്തുകൊണ്ട് അഭിഭാഷകനായ എം.എല്‍. ശര്‍മ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ നിരീക്ഷണം. കൃഷിയെ കണ്‍കറന്റ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയ 1954ലെ ഭരണഘടന ഭേദഗതി നിയമം അനുചിതമായി പാസാക്കിയതാണെന്നാണ് ശര്‍മ ഹര്‍ജിയില്‍ ആരോപിക്കുന്നത്. കൃഷിയെ കണ്‍കറന്റ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയത് ഭരണഘടനാവിരുദ്ധമാണെന്നും ശര്‍മ പറയുന്നു.

കാര്‍ഷിക നിയമങ്ങളെ ചോദ്യം ചെയ്യുന്നതും കര്‍ഷക പ്രതിഷേധവുമായി ബന്ധപ്പെട്ടതുമായ വിഷയങ്ങള്‍ ജനുവരി എട്ടിന് പരിഗണിക്കാന്‍ ബെഞ്ച് തയ്യാറായിരുന്നു. എന്നാല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്തയും അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാലും ഇതിനെ എതിര്‍ത്തു. കര്‍ഷകരും സര്‍ക്കാരും തമ്മില്‍ സമീപഭാവിയില്‍ ഏതെങ്കിലും തീരുമാനത്തില്‍ എത്തിച്ചേരാന്‍ സാധ്യതയുണ്ടെന്ന് കെ.കെ. വേണുഗോപാല്‍ കോടതിയെ അറിയിച്ചു. വെള്ളിയാഴ്ചയാണ് സര്‍ക്കാരും കര്‍ഷകരും തമ്മിലുള്ള അടുത്ത ചര്‍ച്ച.

Top