വധശിക്ഷ അനിശ്ചിതമായി നീട്ടുന്നത് ശരിയല്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: വധശിക്ഷ അനിശ്ചിതമായി നീട്ടുന്നത് ശരിയല്ലെന്ന് സുപ്രീംകോടതി. വധശിക്ഷ നീട്ടാമെന്ന തോന്നല്‍ കുറ്റവാളികള്‍ക്ക് നല്‍കുന്നത് ശരിയല്ലെന്നും കോടതി നിരീക്ഷിച്ചു.വധ ശിക്ഷയ്‌ക്കെതിരെയുള്ള ഒരു ആപ്പീല്‍ പരിഗണിക്കവേയാണ് ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ അദ്ധ്യക്ഷനായ ബഞ്ച് ഈ പരാമര്‍ശം നടത്തിയത്.

പത്തുമാസം പ്രായമായ കുട്ടി ഉള്‍പ്പടെ ഏഴുപേരെ കൊലപ്പെടുത്തിയ ശബ്‌നം, സലിം എന്നീ കുറ്റവാളികളുടെ അപ്പീല്‍ പരഗണിക്കവെ ആയിരുന്നു കോടതിയുടെ ഈ നിരീക്ഷണം.

അതേസമയം വധശിക്ഷ നടപ്പിലാക്കുന്നതിന് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. 2014ല്‍ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങളില്‍ ഭേഗതി വരുത്തണമെന്നാവശ്യപ്പെട്ട് ഹര്‍ജി നല്‍കിയിരിക്കുന്നത്.

കുറ്റവാളികളുടെ അവകാശങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന സമീപനം മാറ്റണം എന്നാണ് ഹര്‍ജിയിലെ ആവശ്യം. നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പിലാക്കുന്നത് നടപടിക്രമങ്ങള്‍ മൂലം വൈകുന്നുവെന്ന വിമര്‍ശനം ശക്തമാകുന്ന സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം.

ഇരയ്ക്ക് പ്രാധാന്യം നല്കുന്ന നിര്‍ദേശങ്ങള്‍ വേണം എന്നാണ് അഭ്യന്തര മന്ത്രാലയത്തിന്റെ ആവശ്യം. നിയമം ദുരുപയോഗം ചെയ്തു വധശിക്ഷയില്‍ ഇളവ് നേടുന്നത് തടയണമെന്നാണ് ആഭ്യന്തര മന്ത്രാലയം സുപ്രീം കോടതിയില്‍ നല്‍കിയിരിക്കുന്ന ഹര്‍ജിയില്‍ പറയുന്നത്.

വധശിക്ഷ വിധിച്ച് കഴിഞ്ഞാല്‍ പുനപരിശോധന ഹര്‍ജിയും തിരുത്തല്‍ ഹര്‍ജിയും നല്‍കുന്നതിനും സമയപരിധി ഏര്‍പ്പെടുത്തണമെന്നും കേന്ദ്രം ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നിലവില്‍ തിരുത്തല്‍ ഹര്‍ജി നല്‍കുന്നതിന് സമയപരിധിയില്ല. മരണ വാറന്റ് വന്ന് 7 ദിവസത്തിനകം ദയാഹര്‍ജി നല്‍കണമെന്ന നിബന്ധന കൊണ്ട് വരണമെന്നും ആഭ്യന്തരമന്ത്രാലയം ആവശ്യപ്പെടുന്നു.നിലവില്‍ ദയാഹര്‍ജി നല്‍കാന്‍ ഉള്ള സമയം 15 ദിവസം ആണ്.

Top