‘നടന്നത് വലിയ തട്ടിപ്പ്’; ബിഎസ്എന്‍എല്‍ എഞ്ചിനീയേഴ്‌സ് നിക്ഷേപ തട്ടിപ്പ് കേസിൽ സുപ്രീംകോടതി

ദില്ലി: ബിഎസ്എന്‍എല്‍ എഞ്ചിനീയേഴ്‌സ് സഹകരണ സംഘം നിക്ഷേപ തട്ടിപ്പ് കേസിൽ നിരീക്ഷണവുമായി സുപ്രീംകോടതി. നടന്നത് വലിയ തട്ടിപ്പാണെന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് നീരീക്ഷിച്ചു. പെൻഷൻകാരുടെയടക്കം പണമാണ് പോയതെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രതികളുടെ ജാമ്യവുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവിനെതിരായ ഹർജി പരിഗണിക്കവേയാണ് കോടതിയുടെ നിരീക്ഷണം.

നേരത്തെ, കേസിലെ പ്രതികളായ മായ, ഷീജ എന്നിവർക്ക് പ്രധാന കേസിൽ ലഭിച്ച ജാമ്യം മറ്റു കേസുകളിലും ഹൈക്കോടതി ബാധമാക്കിയിരുന്നു. ഇതിനെ ചോദ്യം ചെയ്ത് പരാതിക്കാരനായ ഉമാശങ്കറാണ് സുപ്രീംകോടതിയെ സമീപിച്ചത്. തട്ടിപ്പുമായി ബന്ധപ്പെട്ട് എടുത്ത കേസുകളിൽ പത്തു വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നതെന്നും അതിനാൽ മറ്റു കേസുകളിൽ അറസ്റ്റ് വേണ്ടെന്ന ഹൈക്കോടതി ഉത്തരവ് നിയമവിരുദ്ധമാണെന്ന് ഹർജിക്കാരനായി ഹാജരായ അഭിഭാഷകൻ പ്രദീപ് കുമാർ താക്കൂർ വാദിച്ചു.

ഹൈക്കോടതിയുടെ ഈ ഉത്തരവ് തെറ്റാണെന്ന് വ്യക്തമാക്കിയ കോടതി രണ്ടു പ്രതികൾക്കും നോട്ടീസ് അയച്ചു. നാലാഴ്ച്ചയ്ക്കകം നോട്ടീസിൽ മറുപടി നൽകണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു.

Top