നാലാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം; ജാതി സെന്‍സസില്‍ ബിഹാര്‍ സര്‍ക്കാരിന് സുപ്രീംകോടതിയുടെ നോട്ടീസ്

ഡല്‍ഹി: ജാതി സെന്‍സസില്‍ ബിഹാര്‍ സര്‍ക്കാരിന് നോട്ടീസ് അയച്ച് സുപ്രീംകോടതി. ജാതി സര്‍വേ തടയണമെന്നാവശ്യപ്പെട്ടുളള ഒരുകൂട്ടം ഹര്‍ജികള്‍ പരിഗണിച്ചുകൊണ്ടാണ് സുപ്രീംകോടതി നടപടി. നാലാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. ജാതി സര്‍വേയുടെ കൂടുതല്‍ വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് ബിഹാര്‍ സര്‍ക്കാരിനെ വിലക്കണമെന്ന ആവശ്യം കോടതി തള്ളുകയും ചെയ്തു. ഏതെങ്കിലുമൊരു സര്‍ക്കാര്‍ എടുക്കുന്ന തീരുമാനം തങ്ങള്‍ക്ക് തടയാനാകില്ലെന്ന് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എസ്.വി.എന്‍ ഭാട്ടി എന്നിവരുടെ ബെഞ്ച് വാക്കാല്‍ വ്യക്തമാക്കുകയും ചെയ്തു.

ജാതി അടിസ്ഥാനത്തില്‍ സര്‍വേ നടത്തുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാണ് ബിഹാര്‍. ചീഫ് ജസ്റ്റിസ് കെ വിനോദ് ചന്ദ്രന്‍ അധ്യക്ഷനായ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സര്‍വേയുമായി മുന്നോട്ട് പോകാന്‍ നേരത്തെ ബിഹാര്‍ സര്‍ക്കാരിന് അനുമതി നല്‍കിയിരുന്നു. ജാതി സര്‍വ്വേയല്ലെന്നും ജനങ്ങളുടെ സാമ്പത്തികാവസ്ഥ സംബന്ധിച്ച വിവര ശേഖരണമാണ് നടത്തുന്നതെന്നുമാണ് മുഖ്യമന്ത്രി നിതീഷ് കുമാര്‍ നല്‍കിയിരുന്ന വിശദീകരണം.

ഈ ആഴ്ച ആദ്യമാണ് ബിഹാര്‍ സര്‍ക്കാര്‍ ജാതി സെന്‍സസ് പ്രസിദ്ധീകരിച്ചത്. 21-ാം അനുച്ഛേദം പ്രകാരം ജീവിക്കാനുള്ള മൗലികാവകാശത്തിന്റെ ഭാഗമായ സ്വകാര്യതയ്ക്കുള്ള അവകാശം അംഗീകരിച്ച കെ.എസ്. പുട്ടസ്വാമിയുടെ വിധിക്ക് വിരുദ്ധമാണ് ജാതി വിവരങ്ങള്‍ തേടാനുള്ള ബിഹാര്‍ സര്‍ക്കാരിന്റെ തീരുമാനമെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷക അപരാജിത സിങ് പറഞ്ഞു. സെന്‍സസ് വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിന് ഒരു കോടതിയുടെയും വിലക്കുണ്ടായിരുന്നില്ലെന്ന് ബിഹാര്‍ സര്‍ക്കാരിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ശ്യാം ദിവാന്‍ പറഞ്ഞു.

Top