‘ചൗക്കിദാര്‍ ചോര്‍ ഹെ’ ; രാഹുലിനെതിരെയുള്ള കോടതിയലക്ഷ്യ ഹര്‍ജിയില്‍ ഇന്ന് വിധി പറയും

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെയുള്ള കോടതിയലക്ഷ്യ ഹര്‍ജിയില്‍ സുപ്രീം കോടതി ഇന്നു വിധി പറയും. റഫാല്‍ യുദ്ധവിമാന ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മോഷണം നടത്തിയതായി സുപ്രീം കോടതി വ്യക്തമാക്കിയെന്ന രാഹുലിന്റെ പരാമര്‍ശത്തിന്റെ പേരില്‍ ബിജെപി നേതാവ് മീനാക്ഷി ലേഖിയാണു കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയിരിക്കുന്നത്.

കോടതി പറയാത്തതാണ് രാഹുൽ പറഞ്ഞതെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിരുന്നു. പരാമർശത്തിൽ മാപ്പു പറഞ്ഞ് രാഹുൽ പിന്നീട് സത്യവാങ്മൂലം നല്കിയിരുന്നു.

റഫാല്‍ യുദ്ധവിമാനങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിനായി ഉണ്ടാക്കിയ കരാറില്‍ അഴിമതി നടന്നെന്നുള്ള ആരോപണങ്ങളെ കുറിച്ച് അന്വേഷിക്കണമെന്നുള്ള ആവശ്യം 2018 ഡിസംബര്‍ 14നു ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റീസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, കെ.എം. ജോസഫ് എന്നിവരുടെ ബെഞ്ച് തള്ളിയിരുന്നു.

കേന്ദ്ര സര്‍ക്കാര്‍ തെറ്റായ വിവരങ്ങള്‍ അറിയിച്ച് കോടതിയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നെന്നും കോടതി ഉത്തരവില്‍ ഗുരുതരമായ തെറ്റുണ്ടെന്നും ആരോപണങ്ങളുയര്‍ന്നതിനെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാരും ഹര്‍ജിക്കാരായ യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി, ആം ആദ്മി പാര്‍ട്ടി എംപി സഞ്ജയ് സിംഗ്, മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ എന്നിവരുമാണ് പുനഃപരിശോധനാ ഹര്‍ജി നല്‍കിയത്

Top