കേരളത്തിന്റെ ദുരിതമകറ്റാൻ സുപ്രീം കോടതി ജഡ്ജിയും പാടും, ചരിത്രത്തിൽ ആദ്യം !

ന്യൂഡല്‍ഹി: പ്രളയക്കെടുതിയില്‍ നിന്ന് കരകയറുന്ന കേരളത്തിന് കൈത്താങ്ങായി സുപ്രീം കോടതി ജഡ്ജിമാര്‍.

കേരളത്തെ സഹായിക്കാനായുള്ള ഫണ്ട് ശേഖരണത്തിനായി സംഘടിപ്പിക്കുന്ന പ്രത്യേക പരിപാടിയില്‍ പിന്നണി ഗായകന്‍ മോഹിത് ചൗഹാന്‍ ഉള്‍പ്പെടെയുള്ളവര്‍ ഗാനം ആലപിക്കും.

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര മുഖ്യാതിഥിയായി പങ്കെടുക്കുന്ന ചടങ്ങില്‍ മലയാളി കൂടിയായ സുപ്രീംകോടതി ജഡ്ജി കെ.എം. ജോസഫും ഗാനം ആലപിക്കും.

ഒരു മലയാളം ഗാനവും ഒരു ഹിന്ദി ഗാനവുമാണ് ചടങ്ങില്‍ ജസ്റ്റിസ് കെ.എം. ജോസഫ് ആലപിക്കുക. സമീപകാലത്ത് ഇതാദ്യമായാണ് സുപ്രീം കോടതിയിലെ ഒരു ജ്ഡ്ജി പൊതുപരിപാടിയില്‍ പാടാന്‍ ഒരുങ്ങുന്നത്.

ഭദ്ര സിന്‍ഹ, ഗൗരിപ്രിയ എസ് എന്നിവരുടെ ഭരതനാട്യവും ചടങ്ങിനു കൊഴുപ്പേകും. സുപ്രീംകോടതി വാര്‍ത്തകള്‍ കൈകാര്യം ചെയ്യുന്ന മാധ്യമപ്രവര്‍ത്തകയാണ് ഭദ്ര സിന്‍ഹയും. യുവ ക്ലാസിക്കല്‍ നര്‍ത്തകിയായ കീര്‍ത്തന ഹരീഷിന്റെ നൃത്തവും ചടങ്ങിലുണ്ടാകും.

തിങ്കളാഴ്ച ‘ഇന്ത്യന്‍ സൊസൈറ്റി ഓഫ് ഇന്റര്‍നാഷനല്‍ ലോ’യുടെ ഓഡിറ്റോറിയത്തിലാണ് പരിപാടി നടക്കുക.

സുപ്രീംകോടതി വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമപ്രവര്‍ത്തകരാണ് പരിപാടി സംഘടിപ്പിക്കുന്നത്.

Top