പുരി രഥയാത്ര അനുവദിക്കണം; കേന്ദ്രവും ഒഡീഷ സര്‍ക്കാരും സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്ര അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രവും ഒഡീഷ സര്‍ക്കാരും സുപ്രീംകോടതിയില്‍. ചീഫ് ജസ്റ്റിസുമായി ചര്‍ച്ച ചെയ്ത ശേഷം മറുപടി അറിയിക്കാമെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര വ്യക്തമാക്കി.

ചൊവ്വാഴ്ചയാണ് പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്ര നടക്കേണ്ടത്. കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിലെ വാര്‍ഷിക രഥയാത്രയും അനുബന്ധ പ്രവര്‍ത്തനങ്ങളും സ്റ്റേ ചെയ്ത് കൊണ്ട് സുപ്രീം കോടതി വ്യാഴാഴ്ച ഉത്തരവിറക്കിയിരുന്നു.

എന്നാല്‍ ആചാര പ്രകാരം ചൊവ്വാഴ്ച പുരി ജഗന്നാഥന് പുറത്തിറങ്ങാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നീട് പുറത്തിറങ്ങാന്‍ 12 വര്‍ഷം കൂടി കാത്തിരിക്കേണ്ടി വരുമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീംകോടതിയില്‍ വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ നിയന്ത്രണങ്ങളോടുകൂടി പുരി രഥയാത്ര അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാരിനു കടുത്ത നിയന്ത്രണങ്ങളും കര്‍ഫ്യുവും ഏര്‍പ്പെടുത്താം. കോവിഡ് നെഗറ്റീവ് പരിശോധനാ റിപ്പോര്‍ട്ട് ഉള്ളവര്‍ക്കും ക്ഷേത്രജീവനക്കാര്‍ക്കും ചടങ്ങില്‍ പങ്കെടുക്കാമെന്നും മേത്ത നിര്‍ദേശിച്ചു.ഈ ആവശ്യത്തെ ഒഡീഷ സര്‍ക്കാരും പിന്തുണയ്ക്കുന്നുണ്ട്.

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് കേസില്‍ വാദം കേട്ട് തിങ്കളാഴ്ചതന്നെ വിധി പറയും. നാഗ്പൂരിലെ വസതിയില്‍ ഇരുന്നുകൊണ്ടായിരിക്കും ചീഫ് ജസ്റ്റിസ് കേസ് കേള്‍ക്കുക.

Top