ഇന്ത്യയില്‍ പരാതി പരിഹാര സമിതി രൂപീകരിക്കാത്തതില്‍ വാട്‌സ് ആപ്പിന് സുപ്രീം കോടതിയുടെ നോട്ടീസ്

ന്യൂഡല്‍ഹി: പരാതി പരിഹാര സമിതി ഇന്ത്യയില്‍ രൂപീകരിക്കാത്തതില്‍ വാട്‌സ് ആപ്പിന് സുപ്രീം കോടതി നോട്ടീസ് അയച്ചു. കഴിഞ്ഞ ആഴ്ച വാട്‌സ് ആപ്പ് സി.ഇ.ഒ ക്രിസ് ഡാനിയേലിനെ വിളിച്ച് എത്രയും പെട്ടെന്ന് പരാതി പരിഹാര സെല്‍ രൂപീകരിക്കാന്‍ ഐ.ടി നിയമമന്ത്രി രവിശങ്കള്‍ പ്രസാദ് ആവശ്യപ്പെട്ടിരുന്നു. വാട്‌സ് ആപ്പ് വഴി പ്രചരിക്കുന്ന വ്യാജ വാര്‍ത്തകള്‍ വിശ്വസിച്ച് ആള്‍ക്കൂട്ട മര്‍ദനം വരെ നടക്കുന്ന പശ്ചാത്തലത്തിലായിരുന്നു സര്‍ക്കാറിന്റെ ആവശ്യം.

ഐ.ടി, ധനകാര്യ മന്ത്രാലയങ്ങള്‍ക്കും സുപ്രീം കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. എന്തുകൊണ്ട് ഇന്ത്യയില്‍ പരാതി പരിഹാര സെല്‍ രൂപീകരിച്ചില്ല എന്നതിന് നാലാഴ്ചക്കുള്ളില്‍ വാട്‌സ് ആപ്പും, ഐ.ടി, ധനകാര്യ മന്ത്രാലയവും വിശദമായ മറുപടി നല്‍കണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. വ്യാജ വാര്‍ത്തകള്‍ കണ്ടു പിടിക്കുന്നതിനായി സന്ദേശങ്ങളുടെ യഥാര്‍ത്ഥ ഉറവിടം കണ്ടെത്തുന്ന സംവിധാനം കണ്ടു പിടിക്കുന്നതിന് സഹായിക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തെ വാട്‌സ് ആപ്പ് അടുത്തിടെ നിരസിച്ചിരുന്നു.

Top