രാജ്യത്തെ കൊവിഡ് മരണങ്ങളില്‍ പുതിയ നിര്‍ദ്ദേശവുമായി സുപ്രീംകോടതി

ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് മരണങ്ങളില്‍ പുതിയ നിര്‍ദ്ദേശവുമായി സുപ്രീംകോടതി. കൊവിഡാനന്തര ആരോഗ്യപ്രശ്‌നങ്ങള്‍ കൊണ്ട് മരണമടഞ്ഞാലും കൊവിഡ് ആയി കണക്കാക്കണമെന്നുള്ള നിര്‍ദേശമാണ് സുപ്രീംകോടതി അറിയിച്ചത്.

കൊവിഡ് രോഗം ഭേദമായാലും കൊവിഡാനന്തരം സംഭവിക്കുന്ന രോഗങ്ങള്‍ മൂലമുളള മരണങ്ങള്‍ ഇനിമുതല്‍ കൊവിഡ് മരണം മൂലമാണെന്ന് കണക്കാക്കണമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്.

മരണ സര്‍ട്ടിഫിക്കറ്റില്‍ കൃത്യമായി മരണകാരണം കൊവിഡ് എന്ന് രേഖപ്പെടുത്തണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. കൂടാതെ, മരണ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിലുളള നടപടിക്രമങ്ങള്‍ ലളിതമാക്കണമെന്നും കേന്ദ്ര സര്‍ക്കാരിനോടും മറ്റ് സര്‍ക്കാര്‍ സംവിധാനങ്ങളോടും സുപ്രീംകോടതി ആവശ്യപ്പെട്ടു.

എന്നാല്‍ കൊവിഡ് സ്ഥിരീകരിച്ചുകൊണ്ടുളള മരണങ്ങള്‍ മാത്രമേ കൊവിഡ് മരണമായി കണക്കാക്കാന്‍ കഴിയൂവെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ വാദിച്ചത്. ഈ വാദം പരിശോധിച്ച ശേഷമാണ് കോടതിയുടെ നിര്‍ദ്ദേശം.

സര്‍ക്കാര്‍ സംവിധാനങ്ങള്‍ കൊവിഡ് മൂലമാണ് രോഗി മരിച്ചതെന്ന് കാണിക്കുന്ന രേഖകള്‍ നല്‍കുന്നതില്‍ കൃത്യത പുലര്‍ത്തുന്നില്ലെന്നും രോഗം വന്ന് മരിച്ചവവരുടെ ബന്ധുക്കള്‍ക്ക് മതിയായ നഷ്ടപരിഹാരം ലഭിക്കുന്നില്ലെന്നും കാണിച്ചുകൊണ്ടുളള രണ്ട് പൊതുതാല്‍പര്യ ഹര്‍ജികള്‍ പരിഗണിക്കവെയാണ് കോടതി ഇങ്ങനെ നിര്‍ദ്ദേശം നല്‍കിയത്.

Top