കശ്മീരിലെ ഇന്റര്‍നെറ്റ് നിയന്ത്രണങ്ങളും അന്യായ തടവുകളും ; ഹര്‍ജികള്‍ ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി : കശ്മീരിലെ ഇന്റര്‍നെറ്റ് നിയന്ത്രണങ്ങളും അന്യായ തടവുകളും ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. ജസ്റ്റിസുമാരായ സുഭാഷ് റെഡ്ഢി, ബി ആര്‍ ഗവായ് എന്നിവരാണ് ബഞ്ചിലുള്ളത്.

കശ്മീര്‍ ടൈംസ് എഡിറ്റര്‍ അനുരാധ ബാസിന്‍, സയ്യിദ് മുഹമ്മദ് അലീം, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജികളാണ് പരിഗണിക്കുന്നത്.

വ്യവസായിയായ ഭര്‍ത്താവിനെ അന്യായ തടവിലിട്ടെന്നാരോപിച്ച് ജമ്മുകശ്മീര്‍ സര്‍ക്കാരിനെ എതിര്‍കക്ഷിയാക്കി കശ്മീര്‍ സ്വദേശിനി ആസിഫ മുബീന്‍ സമര്‍പ്പിച്ച ഹര്‍ജിയിലും ഇന്ന് കോടതി വാദം കേള്‍ക്കും.

ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന അനുച്ഛേദം 370 റദ്ദു ചെയ്യുകയും സംസ്ഥാനം വിഭജിക്കുകയും ചെയ്ത സര്‍ക്കാര്‍ നടപടിയെ തുടര്‍ന്നുണ്ടായ പ്രത്യേക സാഹചര്യത്തിലാണ് ജമ്മുവിലും കശ്മീരിലും മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് നിയന്ത്രണം കൊണ്ടുവന്നത്. ജമ്മു കശ്മീരിലെ ടെലികോം സേവനങ്ങള്‍ പടിപടിയായി പുനസ്ഥാപിക്കുമെന്ന് ചീഫ് സെക്രട്ടറി ബി.വി.ആര്‍ സുബ്രമണ്യം വ്യക്തമാക്കിയിരുന്നു.

Top