മീഡിയവണ്‍ സംപ്രേഷണവിലക്കിന് സുപ്രീം കോടതി സ്‌റ്റേ അനുവദിച്ചു

ന്യൂഡല്‍ഹി: മീഡിയവണ്‍ സംപ്രേഷണവിലക്കിന് സുപ്രീം കോടതി സ്‌റ്റേ അനുവദിച്ചു. ചാനലിന് നേരത്തെ പ്രവര്‍ത്തിച്ച രീതിയില്‍ തുടരാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. മാധ്യമം മാനേജ്‌മെന്റിന് വലിയൊരു ആശ്വാസം നല്‍കുന്നതാണ് കോടതി വിധി. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് അദ്ധ്യക്ഷനായ ബെഞ്ചിന്റെതാണ് വിധി.

കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച മുദ്രവച്ച കവറിലെ രണ്ട് സെറ്റ് ഫയലുകള്‍ പരിശോധിച്ച ശേഷമാണ് കോടതി നിര്‍ണായക ഉത്തരവ് പുറപ്പെടുവിച്ചത്. കേസ് പരിഗണിക്കുന്ന വേളയില്‍, വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ ഇതിന് കോടതി തിരിച്ച് ചോദിച്ചത് എന്തുകൊണ്ട് ഇപ്പോള്‍ സത്യവാങ്മൂലം നല്‍കാന്‍ കഴിയുന്നില്ല എന്നായിരുന്നു.

മുദ്രവച്ച കവറുകളില്‍ കൂടുതല്‍ വിവരങ്ങളുണ്ടെന്ന് കേന്ദ്രത്തിന് വേണ്ടി ഹാജരായ അഡിഷണല്‍ സോണിസിറ്റര്‍ ജനറല്‍ പറഞ്ഞെങ്കിലും ജസ്റ്റിസ് ചന്ദ്രചൂഢ് വിയോജിച്ചു.

Top