ടീസ്റ്റ സെതൽവാദിന് ഒരാഴ്ചത്തെ ഇടക്കാലജാമ്യം അനുവദിച്ച് സുപ്രീം കോടതി

ന്യൂഡൽഹി : വ്യാജതെളിവുകൾ സൃഷ്ടിച്ചെന്ന കേസിൽ മനുഷ്യാവകാശ പ്രവർത്തക ടീസ്റ്റ സെതൽവാദ് ഉടൻ കീഴടങ്ങണമെന്ന ഗുജറാത്ത് ഹൈക്കോടതി ഉത്തരവ് രാത്രി നടത്തിയ പ്രത്യേക സിറ്റിങ്ങിൽ സുപ്രീം കോടതി സ്റ്റേ ചെയ്തു. ടീസ്റ്റയ്ക്ക് ഒരാഴ്ചത്തെ ഇടക്കാലജാമ്യം അനുവദിച്ച 3 അംഗ ബെഞ്ച്, ഇതിനകം സ്ഥിരം ജാമ്യത്തിനുള്ള ഹർജി സുപ്രീം കോടതി പരിഗണിക്കുമെന്നും വ്യക്തമാക്കി.

ടീസ്റ്റയുടെ ജാമ്യം റദ്ദാക്കി ഉടൻ കീഴടങ്ങണമെന്ന് ഗുജറാത്ത് ഹൈക്കോടതി ജഡ്ജി നിർസാർ ദേശായി രാവിലെ ഉത്തരവിട്ടിരുന്നു. തുടർന്നാണ് ടീസ്റ്റ സുപ്രീംകോടതിയെ സമീപിച്ചത്. ഹൈക്കോടതി വിധിക്കെതിരെ ഹർജി നൽകാൻ ഒരാഴ്ച സാവകാശം നൽകിയിരുന്നെങ്കിൽ എന്തു പ്രശ്നമുണ്ടാകുമായിരുന്നുവെന്ന് ജസ്റ്റിസ് ബി.ആർ.ഗവായ് ഉൾപ്പെട്ട മൂന്നംഗ ബെഞ്ച് ചോദിച്ചു. ഈ രീതി രാജ്യത്തു കണ്ടിട്ടില്ലാത്തതാണ്. മുൻകാലത്തു സമാന സാഹചര്യത്തിൽ കോടതി ഇടപെട്ട രീതിയും ഓർമിപ്പിച്ചു. വിധി ശനിയാഴ്ച പ്രഖ്യാപിച്ചതിലുള്ള അനൗചിത്യം ബെഞ്ചിൽ ഉൾപ്പെട്ട ജസ്റ്റിസ് ദീപാങ്കർ ദത്ത ചൂണ്ടിക്കാട്ടി.

ടീസ്റ്റയുടെ ഹർജി സുപ്രീം കോടതിയുടെ രണ്ടംഗ ബെഞ്ചാണ് ആദ്യം പരിഗണിച്ചത്. എന്നാൽ ഏകാഭിപ്രായത്തിലെത്താൻ കഴിയാതെ വന്നതോടെ, ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് ഹർജി ജസ്റ്റിസുമാരായ ബി.ആർ.ഗവായ്, എ.എസ്.ബൊപ്പണ്ണ, ദീപങ്കർ ദത്ത് എന്നിവരുടെ ബെഞ്ചിനു വിട്ടു. രാത്രി 9.15ന് ചേർന്ന പ്രത്യേക സിറ്റിങ്ങിലാണ് സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ കടുത്ത എതിർപ്പിനെ അവഗണിച്ച് കോടതി സ്റ്റേ അനുവദിച്ചത്. ഉത്തരവെഴുതുന്നതിനിടയിലും വാദങ്ങളുയർത്തിയ സോളിസിറ്റർ ജനറലിനോട് ഒരു ഘട്ടത്തിൽ കോടതി സ്വരം കടുപ്പിച്ചു.

2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെ അപകീർത്തിപ്പെടുത്താനും നിരപരാധികളെ കേസിൽ കുടുക്കാനും വ്യാജ തെളിവുകൾ നിർമിച്ചു എന്ന് ആരോപിച്ചാണ് അഹമ്മദാബാദ് ക്രൈംബ്രാഞ്ച് ടീസ്റ്റ, മുൻ ഡിജിപി ആർ.ബി.ശ്രീകുമാർ, സഞ്ജീവ് ഭട്ട് ഐപിഎസ് എന്നിവരെ കഴിഞ്ഞ ജൂൺ 25ന് അറസ്റ്റ് ചെയ്തത്. വിചാരണക്കോടതിയും ഹൈക്കോടതിയും ജാമ്യം നിഷേധിച്ചെങ്കിലും സുപ്രീം കോടതി ടീസ്റ്റയ്ക്ക് സെപ്റ്റംബറിൽ ഇടക്കാല ജാമ്യം അനുവദിച്ചു.

Top