ഐ.എന്‍.എക്സ് മീഡിയ കേസ്: ചിദംബരത്തിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു

ന്യൂഡല്‍ഹി:മുന്‍ കേന്ദ്രമന്ത്രി പി.ചിദംബരത്തിന് ഐ.എന്‍.എക്സ്. മീഡിയ കേസില്‍ സുപ്രീംകോടതി ജാമ്യം അനുവദിച്ചു. സി.ബി.ഐ. രജിസ്റ്റര്‍ ചെയ്ത അഴിമതിക്കേസിലാണ് സുപ്രീംകോടതി ചൊവ്വാഴ്ച ജാമ്യം അനുവദിച്ചത്.

നിലവില്‍ ഐ.എന്‍.എക്സ്. മീഡിയ കേസിലെ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിലാണ് ചിദംബരം.ഐ.എന്‍.എക്സ്. മീഡിയ കേസില്‍ ഓഗസ്റ്റ് 21-നാണ് ചിദംബരത്തെ സി.ബി.ഐ. അറസ്റ്റ് ചെയ്തത്. സെപ്റ്റംബര്‍ അഞ്ചിന് അദ്ദേഹത്തെ തിഹാര്‍ ജയിലിലേക്ക് അയച്ചു. ഇതിനിടെ ജാമ്യം തേടി അദ്ദേഹം ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ജാമ്യം അനുവദിച്ചിരുന്നില്ല. സാക്ഷികളെ സ്വാധീനിച്ചേക്കാമെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യഹര്‍ജി തള്ളിയത്.

ഒക്ടോബര്‍ 17-ന് ചിദംബരത്തെ ഡല്‍ഹിയിലെ പ്രത്യേക കോടതി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയില്‍വിട്ടിരുന്നു. കസ്റ്റഡിക്കാലത്ത് വീട്ടിലെ ഭക്ഷണം, മരുന്ന് എന്നിവയും യൂറോപ്യന്‍ ക്ലോസറ്റുള്ള ശൗചാലയവും കോടതി അനുവദിച്ചിരുന്നു.

Top