ഹെക്കോടതി ജഡ്ജിമാരുടെ നിയമനം വൈകിപ്പിക്കുന്ന കേന്ദ്ര സമീപനത്തില്‍ അതൃപ്തി രേഖപ്പെടുത്തി സുപ്രീംകോടതി

ദില്ലി: ഹൈക്കോടതി ജഡ്ജിമാരുടെ നിയമനം വൈകിപ്പിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ സമീപനത്തില്‍ അതൃപ്തി രേഖപ്പെടുത്തി സുപ്രീംകോടതി. ഒരുപാട് പറയാനുണ്ടെന്നും നിലവില്‍ പ്രതികരിക്കുന്നില്ലെന്നും ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൌള്‍ വ്യക്തമാക്കി. എണ്‍പതോളം ശുപാര്‍ശകളില്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ല. ഇക്കാര്യത്തിലെ അതൃപ്തിയാണ് ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൌളും സുധാന്‍ഷു ധൂലിയയും അടങ്ങുന്ന ബെഞ്ച് രേഖപ്പെടുത്തിയത്.

80 ശുപാര്‍ശകള്‍ 10 മാസമായി തീര്‍പ്പുകല്‍പ്പിക്കപ്പെടാതെ കിടക്കുന്നുവെന്ന് കോടതി നിരീക്ഷിച്ചു. 26 ജഡ്ജിമാരുടെ സ്ഥലംമാറ്റവും ‘സെന്‍സിറ്റീവ് ഹൈക്കോടതി’യില്‍ ചീഫ് ജസ്റ്റിസിനെ നിയമിക്കുന്നതും ഇതുവരെ നടന്നിട്ടില്ലെന്ന് ബെഞ്ച് നിരീക്ഷിച്ചു. മണിപ്പൂര്‍ ഹൈക്കോടതിയിലെ സ്ഥലംമാറ്റം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ അനങ്ങാപ്പാറ നയം സ്വീകരിക്കുന്നതിലാണ് സുപ്രീംകോടതി അതൃപ്തി അറിയിച്ചത്. ഒരാഴ്ച്ചക്കുള്ളില്‍ ഈക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് അറിയിക്കാമെന്ന് അറ്റോര്‍ണി ജനറല്‍ ആര്‍ വെങ്കിട്ടരമണി കോടതിയെ അറിയിച്ചു. കേസ് ഒക്ടോബര്‍ 9 ന് വീണ്ടും പരിഗണിക്കും.

‘എനിക്ക് ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ട്, പക്ഷേ ഞാന്‍ എന്നെത്തന്നെ നിയന്ത്രിക്കുകയാണ്. മറുപടി നല്‍കാന്‍ എജി ഒരാഴ്ച സമയം ആവശ്യപ്പെട്ടതിനാല്‍ ഞാന്‍ നിശബ്ദനാവുന്നു. പക്ഷേ അടുത്ത തവണ ഞാന്‍ നിശബ്ദനായിരിക്കില്ല’- ജസ്റ്റിസ് കൗള്‍ വ്യക്തമാക്കി.

ജഡ്ജിമാരുടെ നിയമനത്തെ ചൊല്ലിയാണ് സുപ്രീംകോടതിയും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള പ്രധാന തര്‍ക്കം. ജഡ്ജിമാരെ തെരഞ്ഞെടുക്കുന്നതില്‍ സര്‍ക്കാരിന് പ്രധാന പങ്കുണ്ടാവണമെന്നാണ് കേന്ദ്രമന്ത്രിമാരുടെ വാദം. എന്നാല്‍ കൊളീജിയം സമ്പ്രദായത്തിന് കീഴില്‍ ഇന്ത്യയുടെ ചീഫ് ജസ്റ്റിസും മുതിര്‍ന്ന ജഡ്ജിമാരും ഹൈക്കോടതികളിലേക്കും സുപ്രീംകോടതിയിലേക്കും നിയമിക്കുന്നതിന് ജഡ്ജിമാരുടെ പേരുകള്‍ ശുപാര്‍ശ ചെയ്യുന്നു. പേരുകള്‍ കേന്ദ്രത്തിലേക്ക് അയയ്ക്കുകയും അവിടെ നിന്ന് ക്ലിയറന്‍സിന് ശേഷം രാഷ്ട്രപതി നിയമനം നടത്തുകയും ചെയ്യുന്നു.

Top