സിവിൽ സർവീസ് പ്രിലീമിനറി പരീക്ഷ മാറ്റില്ല; ഹർജി സുപ്രീം കോടതി തള്ളി

ന്യൂഡൽഹി: കോവിഡ് വ്യാപന സാഹചര്യത്തിൽ സിവിൽ സർവീസ് പ്രിലീമിനറി പരീക്ഷ മാറ്റിവെക്കണമെന്ന ഹർജി സുപ്രീം കോടതി തള്ളി. പരീക്ഷ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് 20 പരീക്ഷാർഥികൾ സമർപ്പിച്ച ഹർജിയാണ് കോടതി തള്ളിയത്.

ഒക്ടോബർ നാലിനാണ് പരീക്ഷ നടക്കാനിരുന്നത്. രാജ്യത്തെ കോവിഡ് സാഹചര്യവും ചില സംസ്ഥാനങ്ങളിലുണ്ടായ കനത്ത മഴയും വെള്ളപ്പൊക്കവും കണക്കിലെടുത്ത് പരീക്ഷ രണ്ടോ മൂന്നോ മാസത്തേക്ക് മാറ്റിവെക്കണമെന്നാണ് ഹർജിക്കാർ ആവശ്യപ്പെട്ടത്. എന്നാൽ ഈ വർഷത്തെ മറ്റ് പരീക്ഷകളുടെ സമയക്രമം തടസപ്പെടുന്നതിനാൽ സിവിൽ സർവീസ് പരീക്ഷ മാറ്റിവെക്കാനാകില്ലെന്ന് യുപിഎസ്സി കൗൺസിൽ നേരത്തെ കോടതിയെ അറിയിച്ചിരുന്നു.

എല്ലാ കോവിഡ് മാർഗനിർദേശങ്ങളും പാലിച്ചുകൊണ്ട് പരീക്ഷ നടത്താനാണ് യുപിഎസ്സിക്ക് കോടതി നിർദേശം നൽകിയത്. അതേസമയം ഈ വർഷത്തോടെ പ്രായപരിധി അവസാനിക്കുന്ന പരീക്ഷാർഥികൾക്ക് കോവിഡ് സാഹചര്യത്തിൽ പരീക്ഷ എഴുതാൻ സാധിച്ചില്ലെങ്കിൽ പ്രായപരിധിയിൽ ഇളവുനൽകണമെന്ന പരീക്ഷാർഥികളുടെ ആവശ്യത്തിൽ പരിശോധിച്ച് തീരുമാനമെടുക്കാൻ കോടതി സർക്കാരിനോട് നിർദേശിച്ചു.

Top