മരട് ഫ്ളാറ്റ് പൊളിക്കല്‍ ഉത്തരവുമായി ബന്ധപ്പെട്ട് രണ്ടാമത്തെ റിട്ട് ഹര്‍ജിയും സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി: മരട് ഫ്ളാറ്റ് പൊളിക്കല്‍ ഉത്തരവുമായി ബന്ധപ്പെട്ട് രണ്ടാമത്തെ റിട്ട് ഹര്‍ജിയും സുപ്രീംകോടതി തള്ളി. ജീവിക്കാനുള്ള അവകാശം സ്ഥാപിച്ചു കിട്ടണമെന്നാവശ്യപ്പെട്ട് മരടിലെ ഫ്ളാറ്റുടമകള്‍ സമര്‍പ്പിച്ച റിട്ട് ഹര്‍ജിയാണ് സുപ്രീം കോടതി തള്ളിയത്. മുന്‍ ഉത്തരവില്‍ എല്ലാ കാര്യങ്ങളും വ്യക്തമാക്കിയിട്ടുണ്ടെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര അറിയിച്ചു. ഫ്‌ളാറ്റുകള്‍ പൊളിക്കുന്നില്ലെങ്കില്‍ കോടതി അലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്യുമെന്നും കോടതി വ്യക്തമാക്കി.

കെട്ടിട നിര്‍മാതാക്കള്‍ അടക്കം സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജികള്‍ നേരത്തെ തള്ളിയിരുന്നു. തീരദേശ നിയമം ലംഘിച്ച ഫ്ളാറ്റുകള്‍ പണിയാന്‍ അനുമതി നല്‍കിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ അന്വേഷണം ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല. ഫ്ളാറ്റുകള്‍ പൊളിക്കാനുള്ള കോടതി ഉത്തരവില്‍ എല്ലാം ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയത്.

തീരദേശ പരിപാലന നിയമം ലംഘിച്ചുവെന്ന് കണ്ടെത്തിയാണ് ഹോളി ഫെയ്ത്ത് അപ്പാര്‍ട്മെന്റ്സ്, കായലോരം അപ്പാര്‍ട്മെന്റ്സ്, ഹോളിഡേ ഹെറിറ്റേജ്, ജെയിന്‍ ഹൗസിംഗ്, ആല്‍ഫ വെഞ്ചേഴ്സ് എന്നീ ഫ്ളാറ്റ് സമുച്ചയങ്ങള്‍ പൊളിച്ചുനീക്കാന്‍ മേയ് എട്ടിന് സുപീംകോടതി ഉത്തരവിട്ടത്.

Top