ജനപ്രതിനിധികള്‍ ഉള്‍പ്പെട്ട കേസ്; വിചാരണ വേഗത്തിലാക്കണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ജനപ്രതിനിധികള്‍ ഉള്‍പ്പെടുന്ന കേസുകളില്‍ വിചാരണ വേഗത്തിലാക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശം. എം.പിമാരും എം.എല്‍.എമാരും ഉള്‍പ്പെടുന്ന ക്രിമിനല്‍ കേസുകളിലെ വിചാരണ വേഗത്തില്‍ ആക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാണ് സുപ്രീം കോടതിയുടെ നിര്‍ദേശിച്ചിരിക്കുന്നത്.

ജസ്റ്റിസ് എന്‍.വി. രമണയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് ഹൈക്കോടതി ചീഫ് ജസ്റ്റിസുമാര്‍ക്കാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. സുപ്രീം കോടതി നിരന്തരം ഇടപെട്ടിട്ടും ജനപ്രതിനിധികള്‍ ഉള്‍പ്പെട്ട വിവിധ ക്രിമിനല്‍ കേസുകളുടെ വിചാരണ സമയബദ്ധിതമായി പൂര്‍ത്തിയാക്കുന്നതില്‍ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

എം.പിമാര്‍, എം.എല്‍.എമാര്‍, മുന്‍ എം.പിമാര്‍, മുന്‍ എം.എല്‍.എമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട വിവിധ ക്രിമിനല്‍ കേസുകളുടെ വിചാരണയ്ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള സ്റ്റേ പുനഃപരിശോധിക്കാനും സുപ്രീം കോടതി ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരോട് നിര്‍ദേശിച്ചു. ഇത്തരം കേസുകളില്‍ ദിവസേന വാദം കേട്ട് രണ്ടു മാസത്തിനുള്ളില്‍ വിധി പ്രസ്താവിക്കണമെന്നാണ് കോടതിയുടെ നിര്‍ദ്ദേശം.

കോവിഡ് ഇതിന് ഒരു തടസം ആകരുതെന്നും ആവശ്യമെങ്കില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ വിചാരണ പൂര്‍ത്തിയാക്കാമെന്നും കോടതി നിര്‍ദേശിച്ചു.

കേരളത്തിലെ എം.പിമാരും,എം.എല്‍.എമാരും പ്രതികളായ 333 കേസുകളാണ് ഇപ്പോള്‍ നിലവില്‍ ഉള്ളത്. ഇതിലാകട്ടെ 310 കേസുകളില്‍ സിറ്റിങ് എം.പിമാരും എം.എല്‍.എമാരുമാണ് പ്രതികള്‍. 23 കേസ്സുകളില്‍ മുന്‍ എം.പിമാരും എം.എല്‍.എമാരുമാണ് പ്രതികള്‍.

 

Top