കോവിഡ് നഷ്ടപരിഹാരം: ഗുജറാത്ത് സർക്കാരിനു വീണ്ടും സുപ്രീം കോടതിയുടെ വിമർശനം

ന്യൂഡൽഹി : കോവിഡ് ബാധിച്ചു മരിച്ചവരുടെ കുടുംബാംഗങ്ങൾക്കു നഷ്ടപരിഹാരം നൽകുന്നതിനുള്ള നടപടിക്രമം മറികടന്നു പ്രത്യേക സമിതിയെ നിയോഗിച്ച ഗുജറാത്ത് സർക്കാരിനു വീണ്ടും സുപ്രീം കോടതിയുടെ വിമർശനം. മുഖ്യമന്ത്രിക്ക് ഇക്കാര്യങ്ങളൊന്നും അറിയില്ലേയെന്നു ചോദിച്ച കോടതി, ഉദ്യോഗസ്ഥരെയും വിമർശിച്ചു.

സുപ്രീം കോടതി ഉത്തരവ് പാലിക്കാതെ, നഷ്ടപരിഹാര വിതരണ കാര്യത്തിൽ സൂക്ഷ്മ പരിശോധനയ്ക്കു പ്രത്യേക സമിതിയെ നിയോഗിച്ചതാണ് ജസ്റ്റിസ് എം.എആർ. ഷാ അധ്യക്ഷനായ ബെ‍ഞ്ചിനെ ചൊടിപ്പിച്ചത്. ഗുജറാത്ത് സർക്കാരിനു വേണ്ടി അഡീഷനൽ ചീഫ് സെക്രട്ടറി മനോജ് അഗർവാൾ ഓൺലൈനായി കോടതിയിൽ ഹാജരായി. സമിതിയെ നിയോഗിക്കാൻ വകുപ്പുതലത്തിലാണു തീരുമാനമെടുത്തതെങ്കിലും ഇതിനു മുഖ്യമന്ത്രിയാണ് അന്തിമാനുമതി നൽകിയതെന്ന് ഉദ്യോഗസ്ഥൻ വിശദീകരിച്ചു. തുടർന്നാണു മുഖ്യമന്ത്രിയെയും ഉദ്യോഗസ്ഥരെയും കോടതി വിമർശിച്ചത്.

ഇംഗ്ലിഷ് അറിയാമോ, തങ്ങളുടെ ഉത്തരവു മനസ്സിലാകുന്നുണ്ടോ തുടങ്ങിയ ചോദ്യങ്ങളും ഉന്നയിച്ചു. കോടതി ഉത്തരവു വൈകിപ്പിക്കാൻ ഉദ്യോഗസ്ഥ തലത്തിൽ ശ്രമിക്കുന്നതാണെന്നും കോടതി വിമർശിച്ചു.പതിനായിരത്തോളം പേർ മരിച്ചതായി സർക്കാർ രേഖ തന്നെയുണ്ട്. പിന്നെന്താണു സംശയത്തിന്റെ പ്രശ്നമെന്നും കോടതി ചോദിച്ചു. കേസ് 29ന് പരിഗണിക്കും.

Top