നിങ്ങള്‍ സാധാരണക്കാരനല്ല, മന്ത്രിയാണ്;വിവാദ പ്രസ്താവനയില്‍ ഉദയനിധിക്ക് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം

ഡല്‍ഹി: സനാതന ധര്‍മ്മത്തെ ഉന്മൂലനം ചെയ്യണമെന്ന വിവാദ പ്രസ്താവനയില്‍ ഡിഎംകെ നേതാവും മന്ത്രിയുമായ ഉദയനിധി സ്റ്റാലിനെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീംകോടതി. അഭിപ്രായ സ്വാതന്ത്ര്യത്തിനും, മത സ്വാതന്ത്ര്യത്തിനും ഭരണഘടന നല്‍കുന്ന അവകാശം ഉദയനിധി സ്റ്റാലിന്‍ ലംഘിച്ചെന്നാണ് സുപ്രീംകോടതിയുടെ നിരീക്ഷണം.

ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കര്‍ ദത്ത എന്നിവര്‍ അടങ്ങിയ ബെഞ്ചിന്റേത് ആണ് പരാമര്‍ശം. സനാതന ധര്‍മം കേവലം എതിര്‍ക്കെപ്പെടേണ്ടതല്ല, മലേറിയയും ഡെങ്കിയും പോലെ പൂര്‍ണ്ണമായും തുടച്ചുനീക്കപ്പെടേണ്ടതാണെന്ന് ആയിരുന്നു ഉദയ നിധി സ്റ്റാലിന്റെ വിവാദ പ്രസ്താവന. പരാമര്‍ശത്തിന് ആറ് സംസ്ഥാനങ്ങളില്‍ ഉദയ നിധി സ്റ്റാലിന് എതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഈ കേസുകള്‍ എല്ലാം ഒരു സ്ഥലത്തേക്ക് മാറ്റണം എന്ന് ആവശ്യപ്പെട്ടാണ് ഉദയ നിധി സ്റ്റാലിന്‍ സുപ്രീം കോടതിയെ സമീപിച്ചത്.ഹര്‍ജി പരിഗണിച്ച സുപ്രീം കോടതി ബെഞ്ച് ഉദയ നിധി സ്റ്റാലിന്‍ ഒരു സാധാരണ വ്യക്തിയല്ല എന്ന് ചൂണ്ടിക്കാട്ടി. മന്ത്രിയാണ്. നടത്തിയ അഭിപ്രായ പ്രകടനത്തിന്റെ പ്രത്യാഘാതം ഉദയ നിധി സ്റ്റാലിന് അറിയാവുന്നത് ആണെന്നും ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. ഉദയനിധിയുടെ ഹര്‍ജി അടുത്ത വെള്ളി ആഴ്ച്ച പരിഗണിക്കാന്‍ ആയി സുപ്രീം കോടതി മാറ്റി.

കഴിഞ്ഞ സെപ്തംബറിലാണ് ഉദയനിധി സ്റ്റാലിന്റെ വിവാദ പ്രസ്താവന വരുന്നത്. ജാതിവ്യവസ്ഥയെ ആണ് താന്‍ എതിര്‍ക്കുന്നതെന്ന് പിന്നീട് ഉദയനിധി സ്റ്റാലിന്‍ വിശദീകരിച്ചിരുന്നു. എന്നാല്‍ വിഷയം ബിജെപി ദേശീയതലത്തില്‍ ചര്‍ച്ചയാക്കുകയായിരുന്നു.

Top