‘സ്ഥിതി പരിതാപകരം’ കൊവിഡ് സഹായധന വിതരണത്തില്‍ കേരളത്തെ വിമര്‍ശിച്ച് സുപ്രീംകോടതി

ന്യൂഡല്‍ഹി: കൊവിഡ് സഹായധന വിതരണത്തില്‍ കേരളത്തിലെ സ്ഥിതി പരിതാപകരമെന്ന് സുപ്രീംകോടതിയുടെ വിമര്‍ശനം. നാല്പതിനായിരത്തിലധികം പേര്‍ മരിച്ച സംസ്ഥാനത്ത് രണ്ടായിരം പേര്‍ക്ക് പോലും സഹായധനം നല്‍കാനായില്ല. സഹായധന വിതരണം വേഗത്തിലാക്കിയില്ലെങ്കില്‍ കടുത്ത നടപടികള്‍ നേരിടേണ്ടിവരുമെന്ന് കേരളത്തിന് സുപ്രീംകോടതി മുന്നറിയിപ്പ് നല്‍കി.

കൊവിഡ് സഹായധനത്തിനായി 10777 അപേക്ഷകളാണ് കേരളത്തില്‍ ഇതുവരെ കിട്ടിയത്. ഇതില്‍ 1948 അപേക്ഷകള്‍ അംഗീകരിച്ചെന്നും 548 പേര്‍ക്ക് സഹായധനം വിതരണം ചെയ്തുവെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. 40855 പേര്‍ മരിച്ച കേരളത്തില്‍ ആകെ സഹായധനം നല്‍കിയത് 548 പേര്‍ക്ക് മാത്രമാണോ എന്ന ചോദ്യത്തോടെയായിരുന്നു സുപ്രീംകോടതിയുടെ വിമര്‍ശനം. പരിതാപകരമാണ് കേരളത്തിലെ സ്ഥിതി. ഇങ്ങനെ തുടരാനാകില്ല.

അപേക്ഷ കിട്ടി ഒരാഴ്ചക്കുള്ളില്‍ കൊവിഡ് ബാധിച്ച് മരിച്ചുവരുടെ ബന്ധുക്കള്‍ക്ക് സഹായ ധനം നല്‍കാന്‍ നടപടിയുണ്ടാകണം. അതല്ലെങ്കില്‍ കടുത്ത നടപടികള്‍ കോടതിക്ക് സ്വീകരിക്കേണ്ടിവരുമെന്ന് ജസ്റ്റിസ് എം ആര്‍ ഷാ അധ്യക്ഷനായ ബെഞ്ച് താക്കീത് നല്‍കി. സഹായധനം നല്‍കുന്നതിലെ പുരോഗതി ജനുവരി 17നകം അറിയിക്കണമെന്നും കേരളത്തിന് നിര്‍ദ്ദേശം നല്‍കി. കേരളത്തിനൊപ്പം മഹാരാഷ്ട്രയിലെ സഹായധന വിതരണത്തിലുണ്ടാകുന്ന മെല്ലപ്പോക്കിനെയും സുപ്രീംകോടതി വിമര്‍ശിച്ചു.

Top