തരിഗാമിയെ കാണാന്‍ സീതാറാം യെച്ചൂരി കശ്മീരിലെത്തി…

ശ്രീനഗര്‍: സിപിഎം നേതാവ് മുഹമ്മദ് യൂസഫ് താരിഗാമിയെ കാണുന്നതിനായി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കശ്മീരിലെത്തി. സുപ്രീംകോടതിയുടെ അനുമതി ലഭിച്ചതിനെ തുടര്‍ന്നാണ് യെച്ചൂരി തരിഗാമിയെ കാണാന്‍ കശ്മീരില്‍ എത്തിയത്.

ശ്രീനഗര്‍ വിമാനത്താവളത്തില്‍ നിന്ന് സുരക്ഷ അകമ്പടിയോടെയാണ് യെച്ചൂരി യൂസഫ് താരിഗാമിയുടെ വസതിയിലേക്ക് പോയത്. ഇന്ന് കശ്മീരില്‍ തങ്ങണമെന്ന് യെച്ചൂരി കശ്മീര്‍ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഇതിനുള്ള അനുമതി ഇതുവരെ നല്‍കിയിട്ടില്ല. തരിഗാമിയെ കണ്ടശേഷം അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കുമെന്ന് സീതാറാം യെച്ചൂരി പറഞ്ഞു.

തരിഗാമിയെ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് യെച്ചൂരി സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ കോടതി അനുകൂല വിധി പുറപ്പെടുവിക്കുകയായിരുന്നു.

കേന്ദ്ര സര്‍ക്കാരിന്റെ വാദം തള്ളിക്കൊണ്ടാണ് കോടതി ഉത്തരവ് വന്നത്. ഒരു സുഹൃത്ത് എന്ന നിലയില്‍ മാത്രം തരിഗാമിയെ യെച്ചൂരിക്ക് കാണാം. രാഷ്ട്രീയ ഉദ്ദേശത്തോടെയാകരുതെന്നും കോടതി നിര്‍ദേശിച്ചിരുന്നു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേതാണ് ഉത്തരവ്.

Top