സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണ ഇന്ന് വിരമിക്കും

ഡൽഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എൻ വി രമണ ഇന്ന് വിരമിക്കും. രാജ്യത്തിന്റെ പരമോന്നത നീതിപീഠത്തിൽ മുഖ്യന്യായാധിപനായി ഒന്നര വർഷത്തെ സേവനത്തിന് ശേഷമാണ് ജസ്റ്റിസ് രമണ പടിയിറങ്ങുന്നത്. കഴിഞ്ഞ വർഷം മാർച്ച് 24നാണ് രാജ്യത്തെ 48ആം ചീഫ് ജസ്റ്റിസായി ജസ്റ്റിസ് എൻ വി രമണ ചുമതലയേറ്റത്.

ചീഫ് ജസ്റ്റിസായിരുന്ന എസ് എ ബോബ്‌ഡെയുടെ പിൻഗാമിയായിട്ടാണ് രമണയുടെ നിയമനം. സുപ്രീംകോടതിയിൽ എട്ടുവർഷം ജസ്റ്റിസ് രമണ ന്യായാധിപനായി പ്രവർത്തിച്ചു. 2014 ലാണ് ജസ്റ്റിസ് രമണ സുപ്രീംകോടതി ജസ്റ്റിസായി നിയമിതനാകുന്നത്.

അധ്യക്ഷനായും സഹജഡ്ജിയുമായി 657 ബെഞ്ചുകളുടെ ഭാഗമായി. 174 വിധി ന്യായങ്ങൾ നടത്തി. നിരവധി സുപ്രധാന വിധികൾ പുറപ്പെടുവിച്ചിട്ടുണ്ട്. വിരമിക്കുന്നതിന്റെ തലേന്ന് ED കേസിലെ വിധി പുനഃപരിശോധിക്കാൻ നോട്ടീസ്, ബിൽക്കിസ് ബാനു കേസിലെ പ്രതികളെ മോചിപ്പിച്ചതിനെതിരെ നോട്ടീസ്, പെഗാസസ് റിപ്പോർട്ട് ആശങ്ക ഉണ്ടാക്കുന്നതായി പ്രതികരണം തുടങ്ങിയവയും ഏറെ ശ്രദ്ധേയമായിരുന്നു.

രാജ്യദ്രോഹകേസുകൾ വേട്ടയാടൽ ആയപ്പോൾ അതിര് നിശ്ചയിച്ച ജസ്റ്റിസ് രമണ സീൽഡ് കവർ സംസ്കാരത്തെ സുപ്രിം കോടതിയുടെ പടിക്കു പുറത്ത് നിർത്തി. ആന്ധ്രാപ്രദേശിലെ കൃഷ്ണാജില്ലയിലെ പൊന്നാവരം ഗ്രാമത്തിലെ കർഷക കുടുംബത്തിൽ ജനിച്ച നുതലപാട്ടി വെങ്കട്ട രമണ എന്ന എൻ വി രമണ മാധ്യമപ്രവർത്തനത്തിൽ നിന്നാണ് ന്യായാധിപനായി മാറുന്നത്. 2013ൽ ആന്ധ്രാപ്രദേശ്‌ ഹൈക്കോടതി ജഡ്ജിയായ രമണ 2013ൽ ഡൽഹി ഹൈക്കോടതി ചീഫ്‌ ജസ്‌റ്റിസ് ആയി. 2014 ൽ സുപ്രീംകോടതിയിലുമെത്തി

Top