അയോധ്യ വിധിയിൽ രക്ഷപ്പെട്ടത് കേന്ദ്രം, ഏറെ ആശ്വാസമായത് നരേന്ദ്ര മോദിക്ക്

യോധ്യകേസില്‍ തുല്യതയും മതേതരത്വവും ഉയര്‍ത്തിപ്പിടിച്ച സുപ്രീം കോടതി വിധി ആശ്വാസമാകുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്.

തര്‍ക്കഭൂമിയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാന്‍ കേന്ദ്ര ട്രസ്റ്റിനും തര്‍ക്കഭൂമിക്ക് പുറത്ത് അഞ്ചേക്കര്‍ ഭൂമി മസ്ജിദിനായി സുന്നി വഖഫ് ബോര്‍ഡിനും വിട്ടുനല്‍കുന്നതാണ് ചരിത്ര വിധി. ഇതോടെ 1949തില്‍ ആരംഭിച്ച ഏഴു പതിറ്റാണ്ട് നീണ്ട നിയമയുദ്ധത്തിനാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാബെഞ്ച് അവസാനം കുറിച്ചിരിക്കുന്നത്.

മൂന്നു മാസത്തിനുള്ളില്‍ കേന്ദ്ര സര്‍ക്കാര്‍ ഇതിനായി പദ്ധതി രൂപീകരിക്കണമെന്നും സുപ്രീം കോടതി വിധിന്യായത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

അയോധ്യയിലെ 2.77 ഏക്കര്‍ തര്‍ക്കഭൂമിയെ മൂന്നായി വിഭജിച്ച 2010ലെ അലഹബാദ് ഹൈക്കോടതി വിധി തള്ളിയാണ് സുപ്രീം കോടതിയുടെ ചരിത്രപരമായ വിധി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ എസ്.എ ബോബ്‌ഡെ, ഡി.വൈ ചന്ദ്രചൂഡ്. അശോക് ഭൂഷണ്‍, അബ്ദുല്‍ നസീര്‍ എന്നിവരടങ്ങുന്ന ഭരണഘടനാബെഞ്ചിന്റെതാണ് ഏകകണ്ഠമായ ഈ വിധി. ഇതിനെതിരെ പുനപരിശോധാ ഹര്‍ജി നല്‍കാന്‍ എതിര്‍ കക്ഷികള്‍ക്ക് അവകാശമുണ്ടെങ്കിലും അത് പരിഗണിക്കപ്പെടാനുള്ള സാധ്യത വളരെകുറവാണ്.

മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡാണ് വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്നറിയിച്ചിട്ടുള്ളത്. അതൃപ്തിയുണ്ടെങ്കിലും വിധി മാനിക്കുന്നുവെന്ന നിലപാടാണ് സുന്നി വഖഫ് ബോര്‍ഡിനുള്ളത്.

സുപ്രീം കോടതി വിധിയെ ആരുടെയെങ്കിവും വിജയമോ പരാജയമോ ആയി കാണരുതെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിച്ചത്. സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത കോണ്‍ഗ്രസ്, രാമന്റെ പേരില്‍ ബി.ജെ.പിക്ക് ഇനി ജനങ്ങളെ വിഭജിപ്പിക്കാനാവില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.

സുപ്രീം കോടതി വിധി സ്വാഗതം ചെയ്ത ആര്‍.എസ്.എസ് സര്‍സംഘ്ചാലക് മോഹന്‍ഭാഗവത് സമാധാനവും സൗഹാര്‍ദ്ദവും നിലനിര്‍ത്തണമെന്നാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. വിധി സ്വാഗതം ചെയ്ത ആര്‍.എസ്.എസ് രാമക്ഷേത്രനിര്‍മ്മാണം വേഗത്തിലാക്കണമെന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ട്. വിധി ആരുടെയും ജയമോ പരാജയമോ അല്ലെന്നാണ് ആര്‍.എസ്.എസ് തലവന്‍ മോഹന്‍ഭാഗവത് വ്യക്തമാക്കിയിരിക്കുന്നത്.

1949തില്‍ പള്ളിക്കുള്ളില്‍ വിഗ്രഹം കൊണ്ടുവെക്കുകയും 1992ല്‍ ബാബറി മസ്ജിദ് തകര്‍ക്കുകയും ചെയ്ത സംഭവം നിയമവിരുദ്ധമാണെന്നും ഇത് സുപ്രീം കോടതി വിധി അട്ടിമറിച്ചുകൊണ്ടാണെന്നുമാണ് വിധിന്യായത്തില്‍ വ്യക്തമാക്കിയിട്ടുള്ളത്. നിര്‍മോഹി അഖാഡയുടെ ഹര്‍ജി തള്ളിയ കോടതി സുന്നി വഖഫ് ബോര്‍ഡിന്റെയും രാംലല്ല വിരാജ്മാന്റെയും ഹര്‍ജികളിലാണ് വിധി പറഞ്ഞിരിക്കുന്നത്.

ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ കണ്ടെത്തലുകള്‍ക്ക് ആധികാരികതയുണ്ടെന്ന വിലയിരുത്തലും ജഡ്ജിമാര്‍ നടത്തിയിട്ടുണ്ട്.

കോണ്‍ഗ്രസിന്റെ തകര്‍ച്ചയും ബി.ജെ.പിയുടെ ഉദയവും കണ്ട അയോധ്യകേസിലെ സുപ്രീം കോടതി വിധിയിലൂടെ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പുതിയ ഒരു ദിശാമാറ്റത്തിനാണ് തുടക്കമാകുന്നത്. ബാബറി മസ്ജിദിന്റെ തകര്‍ച്ചയോടെയാണ് മുസ്‌ലീം ന്യൂനപക്ഷം ഉത്തരേന്ത്യയില്‍ കോണ്‍ഗ്രസിനെ കൈവിട്ടിരുന്നത്. ഇതോടെ ബി.ജെ.പിക്ക് അനുകൂലമായി ഹിന്ദുത്വ ഏകീകരണവുമുണ്ടാകുകയായിരുന്നു.

അതേസമയം രാമക്ഷേത്ര നിര്‍മ്മാണത്തോടെ ആര്‍.എസ്.എസിനും ബി.ജെ.പിക്കും ഹിന്ദു വിശ്വാസികളെ വൈകാരികമായി സ്വാധീനിക്കുന്ന തെരഞ്ഞെടുപ്പ് വിഷയമാണ് നഷ്ടമാകുന്നത്. അതേസമയം രാമക്ഷേത്ര നിര്‍മ്മാണത്തിന് തുടക്കമിടാനാവും എന്ന ആശ്വാസം പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബി.ജെ.പി അധ്യക്ഷനും ആഭ്യന്തരമന്ത്രിയുമായ അമിത്ഷാക്കും നേട്ടമാകും.

രാമക്ഷേത്ര നിര്‍മ്മാണം ആര്‍.എസ്.എസിനും ബി.ജെ.പിക്കും ഇനി ഒരു തെരഞ്ഞെടുപ്പ് വിഷയമാക്കി ഉയര്‍ത്തികൊണ്ടുവരാനാകില്ലെന്ന ആശ്വാസമാണ് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ക്കുള്ളത്.

ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് തകര്‍ന്നടിയാനും രണ്ട് ലോക്‌സഭാംഗങ്ങളിലൊതുങ്ങിയ ബി.ജെ.പിയെ ഇന്ത്യഭരിക്കുന്ന പാര്‍ട്ടിയായി വളര്‍ത്താനും വഴിയൊരുക്കിയത് രാമക്ഷേത്രത്തിനായുള്ള പ്രക്ഷോഭമായിരുന്നു.

പ്രധാനമന്ത്രിപദത്തില്‍ ചരിത്രവിജയത്തോടെ രണ്ടാമൂഴം സ്വന്തമാക്കിയ നരേന്ദ്രമോദിക്ക് മുന്നില്‍ വലിയ വെല്ലുവിളിയായിരുന്നു അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണം. പ്രതിപക്ഷത്തേക്കാള്‍ മോദി ഭയന്നിരുന്നത് അയോധ്യയില്‍ രാമക്ഷേത്രം ഉടന്‍ നിര്‍മ്മിക്കുമെന്ന ആര്‍.എസ്.എസ് സര്‍സംഘ്ചാലക് മോഹന്‍ ഭാഗവതിന്റെ പ്രഖ്യാപനത്തെയാണ്. സുപ്രീം കോടതി വിധിയോടെ ഈ പ്രതിസന്ധിയാണ് ഒഴിഞ്ഞിരിക്കുന്നത്.

ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മോദിയെ എല്‍.കെ അദ്വാനിയെ തഴഞ്ഞ് പ്രധാനമന്ത്രിയാക്കിയതും രണ്ടാം വട്ടവും പ്രധാനമന്ത്രിപദത്തില്‍ അവരോധിച്ചതും ആര്‍.എസ്.എസിന്റെ സംഘടനാ ശക്തിയിലായിരുന്നു.

ലോക്‌സഭയില്‍ കേവലം രണ്ട് എം.പിമാരുണ്ടായിരുന്ന ബി.ജെ.പിക്ക് കേന്ദ്ര ഭരണം നേടിക്കൊടുത്തത് അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിനായുള്ള പ്രക്ഷോഭങ്ങളാണ്. രാമക്ഷേത്ര നിര്‍മ്മാണത്തിനായി എല്‍.കെ അദ്വാനി നടത്തിയ രഥയാത്രയുടെ കോ ഓര്‍ഡിനേറ്ററായിരുന്നു നരേന്ദ്രമോദി.

അദ്വാനിയുടെ രഥയാത്ര ഉയര്‍ത്തിയ ഹിന്ദുത്വവികാരമാണ് വാജ്‌പേയിയെ ബി.ജെ.പിയുടെ ആദ്യ പ്രധാനമന്ത്രിയാക്കിയത്. രാമക്ഷേത്ര നിര്‍മ്മാണം മുദ്രാവാക്യമാക്കി തീവ്രഹിന്ദുത്വം ഉയര്‍ത്തിയതോടെ 2014ല്‍ മോദിയും പ്രധാനമന്ത്രിയായി. 2019തില്‍ ഹിന്ദുത്വ ഏകീകരണത്തോടൊപ്പം ദേശീയ വികാരവും ഉയര്‍ത്തിയാണ് ആര്‍.എസ്.എസ് എണ്ണയിട്ട യന്ത്രംപോലെ പ്രവര്‍ത്തിച്ച് മോദിയെ രണ്ടാമതും പ്രധാനമന്ത്രി പദത്തിലെത്തിച്ചിരുന്നത്.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന് അലഹബാദില്‍ ആര്‍.എസ്.എസ് ധര്‍മ്മ സന്‍സദില്‍ മോഹന്‍ഭാഗവത് പ്രഖ്യാപിച്ചിരുന്നു. അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണ ജോലികള്‍ സര്‍ക്കാര്‍ ആരംഭിച്ചില്ലെങ്കില്‍ നാലു മാസത്തിനു ശേഷം പണികള്‍ തുടങ്ങുമെന്നായിരുന്നു പ്രഖ്യാപനം.

ഫെബ്രുവരി ഒന്നിന് മോഹന്‍ഭാഗവത് നടത്തിയ പ്രഖ്യാപന കാലാവധി മെയ് മാസത്തോടെ കഴിഞ്ഞിരുന്നു. കഴിഞ്ഞ ജൂണില്‍ രാമക്ഷേത്ര നിര്‍മ്മാണം ആരംഭിക്കേണ്ടതായിരുന്നു. എന്നാല്‍ അതുമുണ്ടായില്ല. ഇതോടെയാണ് രാമക്ഷേത്രം പണിയുകതന്നെ ചെയ്യുമെന്ന് മോഹന്‍ഭാഗവത് വീണ്ടും വ്യക്തമാക്കിയിരുന്നത്.

ഈ തീരുമാനം മൂന്നു നാല് മാസത്തിനകം ഉണ്ടായാല്‍ നല്ലതെന്ന് അദ്ദേഹം മുന്നറിയിപ്പും നല്‍കിയിരുന്നു. രാമക്ഷേത്രം നിര്‍മ്മിക്കാനുള്ള നീക്കവുമായി സംഘപരിവാര്‍ സംഘടനകള്‍ മുന്നോട്ട് പോകുന്ന ഘട്ടത്തിലാണിപ്പോള്‍ സുപ്രീം കോടതിയുടെ അന്തിമ വിധി വന്നിരിക്കുന്നത്.

വലിയ പ്രതിസന്ധിയെയാണ് ഇതോടെ പ്രധാനമന്ത്രി നരേന്ദ്രമോദി മറികടന്നിരിക്കുന്നത്.

Top