ആസാം പൗരത്വ പട്ടിക; പുറത്തായവര്‍ക്ക് അവകാശം ഉന്നയിക്കാന്‍ സമയപരിധി നീട്ടി സുപ്രീംകോടതി

ന്യൂഡല്‍ഹി: ആസാം ദേശീയ പൗരത്വ പട്ടികയില്‍ നിന്നു പുറത്തായവര്‍ക്ക് അവകാശവാദം സമര്‍പ്പിക്കാനുള്ള സമയപരിധി സുപ്രീംകോടതി നീട്ടി നല്‍കി.

ഡിസംബര്‍ 31 വരെയാണ് സമയപരിധി നീട്ടി നല്‍കിയിരിക്കുന്നത്. നേരത്തെ ഡിസംബര്‍ 15ന് ആയിരുന്നു അവസാന തീയതി പ്രഖ്യാപിച്ചിരുന്നത്.
14.8 ലക്ഷം പേരാണ് ഇതുവരെ അവകാശവാദങ്ങള്‍ ഉന്നയിച്ച് രംഗത്തെത്തിയിരിക്കുന്നത്. സുപ്രീംകോടതിയുടെ മേല്‍നോട്ടത്തിലാണ് ആസാമില്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ പുതുക്കുന്നത്.

1951ല്‍ ഉണ്ടാക്കിയ പൗരത്വ രജിസ്റ്ററാണു പുതുക്കുന്നത്. 2017 ഡിസംബര്‍ 31നും കഴിഞ്ഞ ജൂലൈ 31നുമായി രണ്ട് ലിസ്റ്റുകള്‍ പ്രസിദ്ധീകരിച്ചിരുന്നു. ആദ്യത്തെ ലിസ്റ്റില്‍ 1.9 കോടി ജനങ്ങള്‍ മാത്രമാണ് ഇടംപിടിച്ചത്. രണ്ടാമത്തെ ലിസ്റ്റില്‍ 2.89 കോടി പേര്‍ ഇടംപിടിച്ചെങ്കിലും 40,07,707 പേര്‍ പുറത്തായിരുന്നു.

Top