വാട്‌സ് ആപ്പ് ഡേറ്റ പ്രാദേശികവത്കരണം; റിസര്‍ബാങ്കിനോട് റിപ്പോര്‍ട്ട് തേടി സുപ്രീംകോടതി

ഇന്ത്യയില്‍ പേമെന്റ് സേവനം ആരംഭിക്കാനൊരുങ്ങുന്ന വാട്‌സ് ആപ്പ് ഉപയോക്താക്കളുടെ വിവരങ്ങള്‍ പൂര്‍ണമായും ഇന്ത്യയില്‍ തന്നെ സൂക്ഷിക്കണമെന്ന സര്‍ക്കാര്‍ നിബന്ധനകള്‍ പാലിക്കുന്നുണ്ടോ എന്ന് പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് റിസര്‍വ് ബാങ്കിനോട് സുപ്രീംകോടതി. ആറാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് ഉത്തരവ്.

റിസര്‍വ്ബാങ്ക് നിര്‍ദേശങ്ങള്‍ പാലിക്കുന്നില്ലെന്ന് കാണിച്ച് വാട്സാപ്പ് പേമെന്റിനെതിരെ ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് സുപ്രീകോടതി വിശദീകരണം നേടിയിരിക്കുന്നത്.

പേമെന്റ് സേവനം നല്‍കുന്ന വിദേശകമ്പനികള്‍ ഇന്ത്യന്‍ ഉപയോക്താക്കളെ സംബന്ധിച്ച വിവരങ്ങള്‍ ഇന്ത്യയില്‍ തന്നെ സൂക്ഷിക്കണമെന്നതുള്‍പ്പടെയുള്ള നിബന്ധനകള്‍ കഴിഞ്ഞ വര്‍ഷമാണ് റിസര്‍വ് ബാങ്ക് പുറപ്പെടുവിച്ചത്.

എന്നാല്‍ ഈ ജൂണില്‍ ഇത് സംബന്ധിച്ച നിയമത്തില്‍ റിസര്‍വ് ബാങ്ക് വ്യക്തതവരുത്തി. വിദേശ കമ്പനികള്‍ക്ക് ഇന്ത്യയില്‍ നടക്കുന്ന പണമിടപാടുകള്‍ വിദേശ സെര്‍വറുകളില്‍ പ്രോസസ് ചെയ്യാമെന്നും എന്നാല്‍ അതുമായി ബന്ധപ്പെട്ട് കൊണ്ടുപോവുന്ന ഡാറ്റ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയിലെ സെര്‍വറുകളില്‍ തിരികെയെത്തിക്കണമെന്നുമാണ് റിസര്‍വ് ബാങ്കിന്റെ നിര്‍ദേശം.

വാട്സ് ആപ്പ് പേമെന്റ് ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യയിലെത്തുമെന്ന് കഴിഞ്ഞയാഴ്ചയാണ് വാട്‌സാപ്പ് ഗ്ലോബല്‍ ഹെഡ് വില്‍ കാത്കാര്‍ട്ട് പറഞ്ഞത്.ഇന്ത്യയിലെ എല്ലാ ബാങ്കുകളുമായി സഹകരിച്ച് യുപിഐ അധിഷ്ടിതമായിട്ടായിരിക്കും വാട്സ് ആപ്പ് പേമെന്റ് വരുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Top