മുഖ്യമന്ത്രിയുമായുള്ള പ്രശ്നം പറഞ്ഞുതീർക്കാൻ ബംഗാൾ ഗവർണറോട് സുപ്രീം കോടതി

ന്യൂഡൽഹി : നിയമസഭ പാസാക്കുന്ന ബില്ലിൽ ഒപ്പിടാൻ ഭരണഘടന സമയപരിധി നിശ്ചയിച്ചിട്ടില്ലെന്നതു കൊണ്ട് തീരുമാനം പാടില്ലെന്ന് അർഥമില്ലെന്നു സുപ്രീം കോടതി പരാമർശിച്ചു. ബംഗാൾ സർവകലാശാലകളിൽ ഗവർണർക്കു പകരം മുഖ്യമന്ത്രിയെ ചാൻസലറാക്കാനുള്ള ബില്ലിൽ ഗവർണർ ഒപ്പിടാത്ത വിഷയം ചൂണ്ടിക്കാട്ടിയാണു കോടതിയുടെ പരാമർശം. ബംഗാളിൽ നടക്കുന്നതു ദൗർഭാഗ്യകരമെന്നു പറഞ്ഞ കോടതി, വിദ്യാർഥികളുടെ ഭാവിയെക്കരുതി സർക്കാരും ഗവർണർ സി.വി.ആനന്ദബോസും രമ്യതയിലെത്തണമെന്നു നിരീക്ഷിച്ചു.

‘നിയമസഭ ഒരു ബിൽ പാസാക്കുന്നു, അതു ഗവർണറുടെ അനുമതിക്ക് നൽകുന്നു. അദ്ദേഹത്തിന് അക്കാര്യത്തിൽ ചുമതലയുണ്ട്. സമയപരിധി നിശ്ചയിച്ചിട്ടില്ലെന്നതു കൊണ്ട് തീരുമാനം എടുക്കരുത് എന്നർഥമില്ല’– ജസ്റ്റിസ് ദീപാങ്കർ ദത്ത പറഞ്ഞു.

ബംഗാൾ സർവകലാശാലകളിൽ താൽക്കാലിക വൈസ് ചാൻസലർമാരെ നിയമിച്ച ഗവർണറുടെ നടപടി ഹൈക്കോടതി ശരിവച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്തു സർക്കാർ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. മുഖ്യമന്ത്രിക്കു കൂടി സൗകര്യമുള്ള തീയതി തീരുമാനിച്ച് അവരെ ഒരു കാപ്പിക്കു ക്ഷണിക്കാനും വിഷയം ചർച്ച ചെയ്യാനും കോടതി ആവശ്യപ്പെട്ടു. പരസ്പര ധാരണയും പക്വതയും ഇരുവിഭാഗത്തിൽ നിന്നും പ്രതീക്ഷിക്കുന്നു.

നിലവാരമുള്ള വിദ്യാഭ്യാസത്തിന്റെ കേന്ദ്രമായിരുന്നു ബംഗാൾ. ആ നിലവാരം ഇരുവിഭാഗവും കാണിക്കുമെന്നും രമ്യമായ പരിഹാരത്തിനു സഹായിക്കുമെന്നും കരുതുന്നതായി ബെഞ്ചിലെ മറ്റ് ജഡ്ജിമാരായ സൂര്യകാന്ത്, ദീപാങ്കർ ദത്ത എന്നിവർ പറഞ്ഞു. ഹർജിയിൽ ഗവർണർ ഉൾപ്പെടെ കക്ഷികൾക്കു സുപ്രീം കോടതി നോട്ടിസയച്ചു. ഗവർണർ നിയമിച്ച ഇടക്കാല വൈസ് ചാൻസലർമാർക്കുള്ള വേതനം ഉൾപ്പെടെ ആനുകൂല്യങ്ങൾ കോടതി തടഞ്ഞു. ബംഗാൾ സർക്കാരിനു വേണ്ടി ഹാജരായ അഭിഷേക് മനു സിങ്‍വിയാണ് ഗവർണർ വീണ്ടും നിയമനങ്ങൾ നടത്തിയ കാര്യം ചൂണ്ടിക്കാട്ടിയത്.

ഗവർണർ നിയമിച്ച വിസിമാരോടു ഉദ്യോഗസ്ഥർ സഹകരിക്കരുതെന്നു സർക്കാർ നിർദേശിച്ചിരിക്കുകയാണെന്നും ഇത് ഉന്നത വിദ്യാഭ്യാസ മേഖലയിൽ വലിയ പ്രതിസന്ധി സൃഷ്ടിച്ചതായും ഗവർണറുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ഗവർണറുടെ ഭാഗത്തു നിന്നാണ് സഹകരണമില്ലാത്തതെന്നു സർക്കാരും ആരോപിച്ചു. തുടർന്നാണ് ഇരുവിഭാഗവും പ്രശ്നപരിഹാരത്തിനു ശ്രമിക്കണമെന്ന് കോടതി ഉപദേശിച്ചത്. ഹർജി 31നു മാറ്റി.

Top