സേലം-ചെന്നൈ ഹരിത ഇടനാഴിക്കായി ഭൂമി ഏറ്റെടുക്കാന്‍ സുപ്രീം കോടതി അനുമതി

ചെന്നൈ: സേലം-ചെന്നൈ ഹരിത ഇടനാഴി നിര്‍മാണത്തിന് ഭൂമിയേറ്റെടുക്കല്‍ നടപടികളുമായി മുന്നോട്ടു പോകാന്‍ കേന്ദ്ര സര്‍ക്കാരിനു അനുമതി നല്‍കി സുപ്രീം കോടതി. നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്നു ചൂണ്ടിക്കാട്ടി ഭൂമിയേറ്റെടുക്കല്‍ റദ്ദാക്കിയ മദ്രാസ് ഹൈക്കോടതി വിധി ഭാഗികമായി ശരിവച്ചാണു സുപ്രീം കോടതി നടപടി.

പദ്ധതിക്കു പാരിസ്ഥിതികാനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ടു അഭിപ്രായം പറയുന്നില്ലെന്നു സുപ്രീം കോടതി വ്യക്തമാക്കി. ഇക്കാര്യത്തില്‍ പരാതിയുള്ളവര്‍ക്കു ബന്ധപ്പെട്ട അധികാരികളെ സമീപിക്കാമെന്നു ജസ്റ്റിസ് എ.എം.ഖാന്‍വില്‍ക്കര്‍, കൃഷ്ണ മുരാരി, ബി.ആര്‍.ഗവായ് എന്നിവരുള്‍പ്പെട്ട ബെഞ്ച് പറഞ്ഞു. ഭൂമിയേറ്റെടുക്കല്‍ റദ്ദാക്കണമെന്നു സ്ഥലം ഉടമകള്‍ നല്‍കിയ അപ്പീല്‍ സുപ്രീം കോടതി തള്ളി.

പിഎംകെ നേതാവ് അന്‍പുമണി രാംദാസ് എംപി ഉള്‍പ്പെടെയുള്ളവരായിരുന്നു ഹര്‍ജിക്കാര്‍. കേന്ദ്ര സര്‍ക്കാരിന്റെ ‘ഭാരത് മാലാ പരിയോജന’ പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന പദ്ധതിയുടെ ചെലവ് 10,000 കോടിയാണ്. 277 കിലോമീറ്റര്‍ നീളമുള്ള ഹരിത ഇടനാഴി പൂര്‍ത്തിയാകുന്നതോടെ ചെന്നൈയ്ക്കും സേലത്തിനുമിടയിലുള്ള യാത്രാ സമയം രണ്ടര മണിക്കൂര്‍ വരെ കുറയുമെന്നാണു പ്രതീക്ഷ.

കുടിവെള്ള സ്രോതസ്സുകളും ചെറുവനങ്ങളും മലകളുമുള്‍പ്പെടെ പദ്ധതിക്കായി ഏറ്റെടുക്കേണ്ടി വരും. ഇതിനെതിരെ കര്‍ഷകരും പരിസ്ഥിതി പ്രവര്‍ത്തകരും രംഗത്തെത്തിയിരുന്നു. പദ്ധതിക്കായി ഭൂമിയേറ്റെടുത്തപ്പോള്‍ നടപടിക്രമം പാലിച്ചില്ലെന്ന മദ്രാസ് ഹൈക്കോടതി നിരീക്ഷണം സുപ്രീം കോടതി ശരിവച്ചു. അതിനാല്‍ പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചു ഭൂമിയേറ്റെടുക്കാം.

Top