പവന്‍ ഖേരയ്ക്ക് ആശ്വാസം; ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

ഡൽഹി: പ്രധാനമന്ത്രിക്കെതിരായ പരാമർശത്തിന്റെ പേരിൽ അറസ്റ്റിലായ കോൺഗ്രസ് ദേശീയ വക്താവ് പവൻ ഖേരയ്ക്ക് ഇടക്കാല ജാമ്യം. കേസിൽ കോടതിയിൽ ഹാജരാക്കുമ്പോൾ ഇടക്കാല ജാമ്യത്തിൽ പവൻ ഖേരയെ വിട്ടയ്ക്കണമെന്ന് ഡൽഹി ദ്വാരക കോടതിയോട് സുപ്രീംകോടതി നിർദേശിച്ചു. ഒരേ വിഷയത്തിൽ രജിസ്റ്റർ ചെയ്ത ഒന്നിലധികം കേസുകൾ ഒന്നായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് പവൻ ഖേര സമർപ്പിച്ച റിട്ട് ഹർജിയിലാണ് സുപ്രീംകോടതി ഇടപെടൽ. ദ്വാരക കോടതിയിൽ ഹാജരാക്കിയ പവൻ ഖേരയെ സുപ്രീംകോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഇടക്കാല ജാമ്യം നൽകി വിട്ടയച്ചു.

ചൊവ്വാഴ്ച ഹർജി വീണ്ടും പരിഗണിക്കുന്നത് വരെയാണ് ഇടക്കാല ജാമ്യം. കൂടാതെ പവൻ ഖേരയുടെ ഹർജിയിൽ യുപി, അസം സംസ്ഥാനങ്ങൾക്ക് നോട്ടീസ് അയക്കാനും കോടതി ഉത്തരവിട്ടു. ഈ സംസ്ഥാനങ്ങളിലാണ് പവൻ ഖേരയ്‌ക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അടങ്ങുന്ന മൂന്നംഗ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.പവൻ ഖേരയ്ക്ക് വേണ്ടി മുതിർന്ന അഭിഭാഷകനായ അഭിഷേക് മനു സിങ്‌വിയാണ് ഹാജരായത്.

റായ്പൂരിൽ നടക്കുന്ന കോൺഗ്രസ് പ്ലീനറി സമ്മേളനത്തിൽ പങ്കെടുക്കാൻ തിരിച്ച പവൻ ഖേരയെ വിമാനത്തിൽ നിന്നാണ് അസം പൊലീസ് അറസ്റ്റ് ചെയ്തത്. ഡൽഹി വിമാനത്താവളത്തിൽ ഇന്ന് രാവിലെയാണ് നാടകീയ സംഭവങ്ങൾ ഉണ്ടായത്.ഇൻഡിഗോ വിമാനത്തിൽ ചെക്കിങ് നടപടികളെല്ലാം പൂർത്തിയാക്കിയ ശേഷമാണ് പവൻ ഖേരയെ അറസ്റ്റ് ചെയ്തത്. റായ്പൂരിൽ നടക്കുന്ന കോൺഗ്രസ് പ്ലീനറി സമ്മേളനത്തിൽ പങ്കെടുക്കാൻ മറ്റു കോൺഗ്രസ് നേതാക്കൾക്കൊപ്പമാണ് പവൻ ഖേര വിമാനത്താവളത്തിൽ എത്തിയത്.

പൊലീസിന്റെ നിർദേശം അനുസരിക്കുക മാത്രമായിരുന്നു എന്നാണ് ഇൻഡിഗോയുടെ വിശദീകരണം. തുടക്കത്തിൽ ബാഗേജുമായി ബന്ധപ്പെട്ട് പ്രശ്നം ഉണ്ടെന്നാണ് തന്നെ അറിയിച്ചതെന്ന് പവൻ ഖേര പറയുന്നു. തുടർന്ന് ഡിസിപി കാണാൻ വരുമെന്ന് പറഞ്ഞു. താൻ ദീർഘനേരം ഡിസിപിക്കായി കാത്തുനിന്നു. നിയമം നടപ്പാക്കുന്നതിന്റെ ഒരു ലക്ഷണവും അവിടെ കണ്ടില്ലെന്നും പവൻ ഖേര പറഞ്ഞു. അതിനിടെ കോൺഗ്രസ് നേതാക്കളായ കെ സി വേണുഗോപാൽ , രൺദീപ് സുർജേവാല അടക്കമുള്ള നേതാക്കളും വിമാനത്തിൽ നിന്ന് പുറത്തിറങ്ങി. തുടർന്ന് റൺവേയിൽ ആയിരുന്നു ബിജെപിക്കെതിരെ കോൺഗ്രസിന്റെ പ്രതിഷേധം.

വിവാദ പ്രസ്താവന നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് പവൻ ഖേരയെ വിമാനത്തിൽ നിന്ന് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം നടത്തിയ വാർത്താ സമ്മേളനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നരേന്ദ്ര ഗൗതം ദാസ് മോദി എന്ന് വിശേഷിപ്പിച്ചിരുന്നു. ഗൗതം അദാനി വിഷയവുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താ സമ്മേളനത്തിനിടെയായിരുന്നു ഇത്. പരാമർശം വലിയ വിവാദമാവുകയും പവൻ ഖേരയ്‌ക്കെതിരേ കേസെടുക്കുകയുമായിരുന്നു.

Top