റെയില്‍വെ ഭൂമിയിലെ ചേരികള്‍ ഒഴിപ്പിക്കാന്‍ സുപ്രീംകോടതി അനുമതി

ന്യൂഡല്‍ഹി: റെയില്‍വെ ഭൂമിയിലെ ചേരികള്‍ ഒഴിപ്പിക്കാന്‍ സുപ്രീംകോടതി അനുമതി. ചേരികള്‍ ഒഴിപ്പിക്കാനുള്ള നടപടിയുമായി റെയില്‍വെക്ക് മുന്നോട്ടുപോകാമെന്ന് ജസ്റ്റിസ് എ എം ഖാന്‍വീല്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. വിവിധ ഹൈക്കോടതികളുടെ ഉത്തരവ് ശരിവെച്ചുകൊണ്ടാണ് സുപ്രീംകോടതി തീരുമാനം.

അതേസമയം ചേരികള്‍ ഒഴിപ്പിക്കുമ്പോള്‍ ചേരി നിവാസികള്‍ക്ക് സാമ്പത്തിക സഹായം നല്‍കണമെന്ന ഉപാധി കോടതി മുന്നോട്ടുവെച്ചു. ആറുമാസത്തേക്ക് പ്രതിമാസം 2000 രൂപ വെച്ച് നല്‍കണം. ഈ പണം റെയില്‍വെയും സംസ്ഥാന സര്‍ക്കാരും വഹിക്കണം. വീടുവെക്കാന്‍ സ്ഥലം ഉള്‍പ്പെടെ ആവശ്യപ്പെട്ട് പുനരധിവാസ പദ്ധതിക്ക് ഒഴിപ്പിക്കപ്പെടുന്നവര്‍ അപേക്ഷ നല്‍കിയാല്‍ ആറുമാസത്തിനകം അപേക്ഷയില്‍ തീരുമാനം എടുക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

രാജ്യത്ത് ആറുകോടിയിലധികം ചേരി നിവാസികളുണ്ടെന്നാണ് കണക്ക്. ഇതില്‍ വലിയൊരു ശതമാനം റെയില്‍വെ ട്രാക്കുകള്‍ക്ക് ഇരുവശവും ഉള്ള ഭൂമിയിലാണ് താമസിക്കുന്നത്. ഒഴിപ്പിക്കല്‍ നടപടികളുമായി മുന്നോട്ടുപോകുമ്പോള്‍ ഇത്രയധികം ചേരി നിവാസികള്‍ക്ക് പുനരധിവാസം കണ്ടെത്തുകയെന്നത് റെയില്‍വെയ്ക്കും സംസ്ഥാന സര്‍ക്കാരുകള്‍ക്കും വെല്ലുവിളിയാകും. മറ്റൊരുടത്തേക്കും പോകാനില്ലാത്ത ചേരി നിവാസികളുടെ കാര്യവും കഷ്ടത്തിലാകും.

Top