ഹൈക്കോടതികളില്‍ താത്കാലിക ജഡ്ജിമാരെ നിയമിക്കാന്‍ അനുമതി നല്‍കി സുപ്രീംകോടതി

ന്യൂഡല്‍ഹി: ഹൈക്കോടതികളില്‍ താത്കാലിക ജഡ്ജിമാരെ നിയമിക്കാന്‍ സുപ്രിംകോടതി അനുമതി നല്‍കി. റിട്ടയേര്‍ഡ് ഹൈക്കോടതി ജഡ്ജിമാരെ അഡ്‌ഹോക് ജഡ്ജിമാരായി നിയമിക്കാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസുമാര്‍ക്ക് നടപടി സ്വീകരിക്കാം. കെട്ടിക്കിടക്കുന്ന കേസുകള്‍ പരിഗണിക്കാനാണ് ഇടക്കാല സംവിധാനമെന്നും ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

രാഷ്ട്രപതിയുടെ മുന്‍കൂര്‍ അനുമതിയോടെ റിട്ടയേര്‍ഡ് ഹൈക്കോടതി ജഡ്ജിമാരെ, താല്‍ക്കാലിക ജഡ്ജിമാരായി നിയമിക്കാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് അധികാരം നല്‍കുന്നതാണ് ഭരണഘടനയുടെ 224എ അനുച്ഛേദം. രാജ്യത്തെ ജുഡിഷ്യറിയുടെ ചരിത്രത്തില്‍ അപൂര്‍വമായി മാത്രമാണ് ഈ അനുച്ഛേദം പ്രയോഗിച്ചിട്ടുള്ളത്. ലോക് പ്രഹാരി സംഘടന നല്‍കിയ പൊതുതാത്പര്യഹര്‍ജി പരിഗണിച്ചുക്കൊണ്ടാണ് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് അഡ് ഹോക് ജഡ്ജിമാരുടെ നിയമനത്തിന് അനുമതി നല്‍കിയത്.

ഹൈക്കോടതിയില്‍ വര്‍ഷങ്ങളായി കെട്ടിക്കിടക്കുന്ന ക്രിമിനല്‍, സിവില്‍, കോര്‍പറേറ്റ് കേസുകളില്‍ താല്‍ക്കാലിക ജഡ്ജിമാര്‍ക്ക് തീരുമാനമെടുക്കാം. അഡ്ഹോക് ജഡ്ജിമാരുടെ നിയമനം സ്ഥിരനിയമനത്തിന് പകരമല്ല. ഹൈക്കോടതിയിലെ ഭരണനിര്‍വഹണത്തില്‍ ഇവര്‍ക്ക് അധികാരമില്ലെന്നും ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. പൊതുതാല്‍പര്യഹര്‍ജി നാല് മാസത്തിന് ശേഷം വീണ്ടും പരിഗണിക്കും.

 

Top