മോദിക്കും അമിത് ഷായ്ക്കുമെതിരായ ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി അധ്യക്ഷന്‍ അമിത് ഷായും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതില്‍ നടപടിയെടുത്തില്ലെന്ന് ആരോപിച്ച് കോണ്‍ഗ്രസ് സമര്‍പ്പിച്ച ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. കോണ്‍ഗ്രസ് എംപി സുഷ്മിത ദേവാണ് മോദിക്കും അമിത്ഷാക്കുമെതിരായ പരാതികളില്‍ കമ്മീഷന്‍ നടപടിയെടുക്കുന്നില്ലെന്ന് കാണിച്ച് ഹരജി നല്‍കിയത്.

പ്രധാനമന്ത്രിയും അമിത് ഷായും തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചെങ്കിലും നടപടിയെടുത്തിരുന്നില്ല. തെരഞ്ഞെടുപ്പ് ദിവസം ഗുജറാത്തില്‍ റാലി നടത്തി, സൈനീകരുടെ പേരില്‍ വോട്ട് തേടി വര്‍ഗീയ ധ്രുവീകരണമുണ്ടാക്കി എന്നിവയാണ് മോദിക്കും അമിത്ഷായ്ക്കുമെതിരെ കോണ്‍ഗ്രസ് ഉന്നയിക്കുന്ന പരാതികള്‍.

ഹിന്ദുവിനെ അപമാനിച്ച കോണ്‍ഗ്രസിന് മാപ്പ് കൊടുക്കുന്നതെങ്ങനെയെന്നായിരുന്നു ഏപ്രില്‍ ഒന്നിന് പ്രധാനമന്ത്രി നരേന്ദ്ര മോദി മഹാരാഷ്ട്രയിലെ വര്‍ധയില്‍ പ്രസംഗിച്ചത്. ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷായും സമാന പരാമര്‍ശം നടത്തിയിരുന്നു.

അതേസമയം ഇവര്‍ക്കെതിരായ പരാതി പരിശോധിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രത്യേക യോഗം ചേരും. നരേന്ദ്ര മോദിയും അമിത്ഷായും മതസ്പര്‍ധയുണ്ടാക്കുന്ന രീതിയില്‍ പ്രസംഗിച്ചതിനെതിരെ ലഭിച്ച പരാതികളിലാണ് കമ്മീഷന്‍ തീരുമാനമെടുക്കുക.

Top