കര്‍ഷക കൂട്ടക്കൊല; നടപടിയെടുക്കാന്‍ മടിയെന്തിന്‌, യോഗി സര്‍ക്കാരിനെതിരെ കോടതി

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ ഉണ്ടായ കര്‍ഷക കൊലപാതകത്തില്‍ യോഗി സര്‍ക്കാരിനെതിരെ സുപ്രീംകോടതി. കേസില്‍ യു.പി സര്‍ക്കാര്‍ സമര്‍പ്പിച്ച അന്വേഷണ പുരോഗതി റിപ്പോര്‍ട്ടില്‍ കോടതി അതൃപ്തി അറിയിച്ചു. റിപ്പോര്‍ട്ടില്‍ പുതുതായി ഒന്നുമില്ലെന്ന് ചീഫ് ജസ്റ്റിസ് വിമര്‍ശിച്ചു.

പത്തു ദിവസം സമയം നല്‍കിയിട്ടും റിപ്പോര്‍ട്ടില്‍ പുരോഗതിയില്ല. ഒരു പ്രതിയുടെ ഫോണ്‍ ഒഴികെ മറ്റ് പ്രതികളുടെ ഫോണ്‍ എന്തുകൊണ്ട് പിടിച്ചെടുത്തില്ലെന്ന് കോടതി ചോദിച്ചു. ഫോറന്‍സിക് റിപ്പോര്‍ട്ട് വേഗത്തിലാക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ പൊലീസ് അത് പാലിച്ചില്ലെന്നും കോടതി കുറ്റപ്പെടുത്തി.

മാത്രമല്ല, കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതുവരെ മറ്റൊരു ഹൈക്കോടതി ജഡ്ജി നടപടികള്‍ നിരീക്ഷിക്കുമെന്ന് സുപ്രീം കോടതി പറഞ്ഞു.

അതേസമയം, ഒരു പ്രതി ഒഴികെ മറ്റു പ്രതികള്‍ക്ക് ഫോണ്‍ ഇല്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു. കര്‍ഷകര്‍ക്ക് എതിരെ അക്രമം നടത്തിയ എല്ലാ പ്രതികളെയും തിരിച്ചറിഞ്ഞെന്ന് പൊലീസും അറിയിച്ചു.

കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര ഉള്‍പ്പെടെ 10 പേരാണ് കേസില്‍ ഇതുവരെ അറസ്റ്റിലായത്. സംഭവത്തില്‍ സിബിഐയെ ഉള്‍പ്പെടുത്തി ഉന്നതതല ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് രണ്ട് അഭിഭാഷകര്‍ ചീഫ് ജസ്റ്റിസിന് കത്തെഴുതിയതിന് പിന്നാലെയാണ് സുപ്രീം കോടതി വിഷയം പരിഗണിക്കുന്നത്.

Top