നിയമസഭ ബില്‍ രണ്ടാമതും സഭ പാസാക്കിയാല്‍ ഗവര്‍ണര്‍ ഒപ്പിടണം; തമിഴ്നാട് ഗവര്‍ണര്‍ക്കെതിരെ സുപ്രീംകോടതി

ഡല്‍ഹി: തമിഴ്നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും സുപ്രീംകോടതി. നിയമസഭ ബില്‍ രണ്ടാമതും സഭ പാസാക്കിയാല്‍ ഗവര്‍ണര്‍ ഒപ്പിടണമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. തടഞ്ഞുവയ്ക്കാനോ രാഷ്ട്രപതിക്ക് അയയ്ക്കാനോ കഴിയില്ല. ഗവര്‍ണര്‍ തന്നെ പ്രശ്നം പരിഹരിക്കണം. ഗവര്‍ണര്‍ക്ക് മുന്നില്‍ നാലാമത്തെ സാധ്യതയില്ല എന്നും സുപ്രീം കോടതി.

തിരഞ്ഞെടുക്കപ്പെട്ടയാളാണ് രാഷ്ട്രപതി. രാഷ്ട്രപതിക്ക് വിശാല അധികാരങ്ങളുണ്ട്. എന്നാല്‍ തിരഞ്ഞെടുക്കപ്പെട്ടയാളല്ല ഗവര്‍ണര്‍. കേന്ദ്ര സര്‍ക്കാരിന്റെ നോമിനി മാത്രമാണ് ഗവര്‍ണര്‍. പഞ്ചാബ് കേസിലെയും തമിഴ്നാടിന്റെയും സാഹചര്യങ്ങള്‍ വ്യത്യസ്തമാണെന്ന് നിരീക്ഷിച്ച കോടതി വിധിയിലേക്ക് കടക്കണോയെന്നും ഗവര്‍ണര്‍ ടിആര്‍ രവിയുടെ അഭിഭാഷകനോട് ചോദിച്ചു. ബില്ലുകള്‍ ഒപ്പിടാന്‍ വൈകിയ നടപടി ചോദ്യം ചെയ്ത് തമിഴ്നാട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ വിമര്‍ശനം.

ഹര്‍ജിയില്‍ നവംബര്‍ 10-ന് ഗവര്‍ണ്ണര്‍ക്ക് സുപ്രീം കോടതി നോട്ടീസയച്ചിരുന്നു. പിന്നാലെ 2020 മുതല്‍ കൈവശമിരിക്കുന്ന 10 ബില്ലുകള്‍ ഒന്നിച്ചു പരിഗണിച്ച ഗവര്‍ണര്‍ ഇവ തിരിച്ചയച്ചു. സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള സര്‍വകലാശാലകളുടെ ചാന്‍സലര്‍ പദവി പരിമിതപ്പെടുത്തുന്നതുള്‍പ്പെടെയുള്ള ബില്ലുകളാണ് ഗവര്‍ണര്‍ തിരിച്ചയച്ചത്. ഗവര്‍ണര്‍ തിരിച്ചയച്ച 10 ബില്ലുകളും നവംബര്‍ 18-ന് മാറ്റങ്ങളില്ലാതെ തമിഴ്‌നാട് നിയമസഭ പ്രത്യേക സമ്മേളനത്തില്‍ വീണ്ടും പാസാക്കിയിരുന്നു.

Top