മോദിസര്‍ക്കാര്‍ കേസ് ഗൗരവമായല്ല കാണുന്നത്; കാശ്മീര്‍ വിഷയത്തില്‍ കോടതിയുടെ രൂക്ഷ വിമര്‍ശനം

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് സുപ്രീം കോടതി. ജമ്മു കശ്മീരില്‍ നിലനിന്നിരുന്ന പ്രത്യേക പദവി എടുത്തുകളഞ്ഞതുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട കേസുകളിലാണ് വിമര്‍ശനം.

മോദിസര്‍ക്കാര്‍ കേസ് ഗൗരവമായല്ല കാണുന്നതെന്ന് ജസ്റ്റിസ് എന്‍.വി രമണ കുറ്റപ്പെടുത്തി. കേസിലെ കക്ഷികള്‍ക്ക് ജമ്മുകശ്മീരിലെ സാഹചര്യങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ട് എന്തുകൊണ്ട് നല്‍കിയില്ലെന്ന് കോടതി ചോദിച്ചു. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍മേത്തയോടായിരുന്നു സുപ്രീം കോടതിയുടെ ചോദ്യം. കേസുമായി ബന്ധപ്പെട്ട എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം വേണമെന്ന് കോടതി പറഞ്ഞു.

അതേസമയം ജമ്മു കശ്മീരിലെ കരുതല്‍ തടങ്കല്‍ കേസുകളൊന്നും പരിഗണിക്കില്ലെന്നും ജസ്റ്റിസ് രമണ വ്യക്തമാക്കി. കേസിലെ കക്ഷികള്‍ വളരെ വിശദമായാണ് വാദങ്ങള്‍ നടത്തിയത്. അതിന് കേന്ദ്രം നല്‍കിയ മറുപടി തൃപ്തികരമല്ല. കേസില്‍ കേന്ദ്രം ഗൗരവം കാട്ടുന്നില്ല എന്ന തോന്നല്‍ ഉണ്ടാക്കരുതെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

Top