ഡല്‍ഹിയിലെ വായു മലിനീകരണം: ‘നിങ്ങള്‍ എന്താണ് ചെയ്യുന്നത്?’; കേന്ദ്രത്തിന് സുപ്രീകോടതിയുടെ രൂക്ഷവിമർശനം

ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്തെ വായുമലിനീകരണം അതിരൂക്ഷമാണെന്ന് സുപ്രീം കോടതി. വിദ്യാര്‍ഥിയായ ആദിത്യ ദുബെ സമർപ്പിച്ച ഹര്‍ജി പരിഗണിക്കവെയായിരുന്നു  ചീഫ് ജസ്റ്റിസ് എന്‍. വി രമണയുടെ ഈ പരാമർശം. വായുമലിനീകരണ വിഷയത്തില്‍ സര്‍ക്കാര്‍ വേണ്ടത്ര പരിഗണന നല്‍കുന്നില്ലെന്നും നിഷ്ക്രിയമാണെന്നും ഹര്‍ജിയില്‍ ആദിത്യ ദുബെ ആരോപിച്ചിരുന്നു.

വീടിനുള്ളില്‍ പോലും മാസ്‌ക് ധരിച്ച് നടക്കാന്‍ തങ്ങള്‍ നിര്‍ബന്ധിതരാവുന്നുവെന്നും അദ്ദേഹം പറഞ്ഞു. വായുമലിനീകരണവുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിച്ചുകൊണ്ടായിരുന്നു കോടതി പരാമര്‍ശം. വായുമലിനീകരണം നിയന്ത്രിക്കാന്‍ എന്ത് നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് കോടതി കേന്ദ്രത്തോട് ആരാഞ്ഞു.

അതേസമയം മലിനീകരണം നിയന്ത്രിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഡെൽഹിയുടെ അതിര്‍ത്തി സംസ്ഥാനങ്ങളായ പഞ്ചാബിലും ഹരിയാനയിലും പടിഞ്ഞാറന്‍ ഉത്തര്‍ പ്രദേശിലും കൃഷിസ്ഥലത്തെ അവശിഷ്ടങ്ങള്‍ കത്തിക്കുന്നതാണ് രൂക്ഷമായ മലിനീകരണത്തിലേക്ക് നയിച്ചത്. കഴിഞ്ഞ ഏതാനും ദിവസങ്ങളിലെ കൂടിയ മലിനീകരണ തോതിന് കാരണം ഇതാണ്. ഇത് അവസാനിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്. സംസ്ഥാന സര്‍ക്കാരുകളും നടപടികള്‍ സ്വീകരിക്കേണ്ടതുണ്ടെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു.

മലിനീകരണം ഉണ്ടായത് കര്‍ഷകര്‍ കാരണമാണെന്ന തരത്തില്‍ പറയുന്നത് എന്തിനാണെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണത്തോട് ചീഫ് ജസ്റ്റിസ് പ്രതികരിച്ചത്. മലിനീകരണത്തിന്റെ ചെറിയ കാരണം മാത്രമാണ് അത്. ബാക്കി കാരണങ്ങളെ കുറിച്ച് എന്താണ് പറയാനുള്ളത്. ഡല്‍ഹിയിലെ മലിനീകരണം നിയന്ത്രിക്കാന്‍ നിങ്ങള്‍ എന്താണ് ചെയ്യുന്നതെന്നും അദ്ദേഹം ചോദിച്ചു.

എന്നാല്‍ കര്‍ഷകര്‍ മാത്രമാണ് മലിനീകരണത്തിന് കാരണമെന്നല്ല പറയുന്നതെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വ്യക്തമാക്കി.

Top