അഭിഭാഷകര്‍ കോടതിയെ അധിക്ഷേപിക്കുന്നു; രൂക്ഷവിമര്‍ശനവുമായി സുപ്രീംകോടതി

ന്യൂഡല്‍ഹി: കോടതിയെ വിമര്‍ശിക്കുന്ന അഭിഭാഷകര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീംകോടതി. കോടതി ഉണ്ടെങ്കിലെ അഭിഭാഷകര്‍ നിലനില്‍ക്കൂവെന്ന് മനസ്സിലാക്കണം. ഇത്തരത്തില്‍ വിമര്‍ശിക്കുന്ന അഭിഭാഷകര്‍ ഒരു സ്ഥാപനത്തെയാണ് ഇല്ലാതാക്കുന്നതെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഓര്‍മിപ്പിച്ചു.

കണ്ണൂര്‍-കരുണ ബില്‍ പരിഗണിക്കാന്‍ ഗവര്‍ണര്‍ക്ക് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചപ്പോഴാണ് കോടതി അഭിഭാഷകരുടെ നിലപാടിനെ വിമര്‍ശിച്ചത്.

അഭിഭാഷകര്‍ കോടതിയെ അധിക്ഷേപിക്കുന്നു. ടിവി ചര്‍ച്ചകളില്‍ കയറിയിരുന്ന് വായില്‍ തോന്നിയത് പറയുകയാണ്. ഒരു അമ്പുകൊണ്ട് എല്ലാവരെയും കൊല്ലാനാണ് ശ്രമമെന്നും സുപ്രീംകോടതി കൂട്ടിച്ചേര്‍ത്തു.

സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. കോടതി വിധിക്ക് പിന്നാലെ ബില്‍ തയ്യാറാക്കിയ സര്‍ക്കാരിന്റെ നടപടി കടുത്ത കോടതിയലക്ഷ്യമാണെന്നും വ്യക്തമാക്കി. ജൂലൈ മൂന്നാം വാരം ഹര്‍ജിയില്‍ വീണ്ടും വാദം കേള്‍ക്കും.

Top