60 വയസ് കഴിഞ്ഞവരെ എങ്ങനെ വി സിയായി പുനര്‍ നിയമിക്കാനാകും; സുപ്രീം കോടതി

ദില്ലി: കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറുടെ പുനഃനിയമനവുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതി വിധിപറയാന്‍ മാറ്റി. എല്ലാവരുടെയും വാദം കേള്‍ക്കല്‍ പൂര്‍ത്തിയായതോടെയാണ് കേസ് വിധി പറയാനായി മാറ്റിയിരിക്കുന്നത്. 60 വയസ് കഴിഞ്ഞവരെ എങ്ങനെ വി സിയായി പുനര്‍ നിയമിക്കാനാകുമെന്ന് വാദത്തിനിടെ സുപ്രീം കോടതി, സംസ്ഥാന സര്‍ക്കാരിനോട് ചോദിച്ചു. കണ്ണൂര്‍ സര്‍വകലാശാല വി സിയായി ഡോ ഗോപിനാഥ് രവീന്ദ്രന് പുനഃനിയമനം നല്‍കിയത് ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ പരിഗണിക്കവെയുള്ള സുപ്രീം കോടതിയുടെ നിരീക്ഷണം ഒറ്റനോട്ടത്തില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടിയാണ്.

കണ്ണൂര്‍ സര്‍വകലാശാല സെനറ്റംഗം ഡോക്ടര്‍ പ്രേമചന്ദ്രന്‍ കീഴോത്ത്, അക്കാദമിക് കൗണ്‍സില്‍ അംഗം ഷിനോ പി ജോസ് എന്നിവരാണ് ഡോ ഗോപിനാഥ് രവീന്ദ്രന് പുനഃനിയമനം നല്‍കിയത് ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിച്ചത്. കണ്ണൂര്‍ വി സിയുടെ ആദ്യനിയമന തന്നെ യു ജി സി ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ഹര്‍ജിക്കാര്‍ നേരത്തെ വാദിച്ചിരുന്നു. ഈ സാഹചര്യത്തില്‍ പുനഃനിയമനവും നിലനില്‍ക്കില്ലെന്നാണ് ഹര്‍ജിക്കാര്‍ ഉന്നയിക്കുന്ന വിഷയം. എന്നാല്‍ യു ജി സി ചട്ടങ്ങള്‍ പാലിച്ചാണ് തനിക്ക് പുനഃനിയമനം നല്‍കിയതെന്നാണ് സത്യവാങ്മൂലത്തില്‍ ഡോ ഗോപിനാഥ് രവീന്ദ്രന്‍ വ്യക്തമാക്കിയിരിക്കുന്നത്.

യു ജി സി ചട്ടം പാലിച്ചാണ് ആദ്യം തന്നെ കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ വൈസ് ചാന്‍സിലറായി നിയമിച്ചതെന്നാണ് ഗോപിനാഥ് രവീന്ദ്രന്‍ പറഞ്ഞത്. പുനഃനിയമനത്തിന് വീണ്ടും അതേ നടപടികള്‍ പാലിക്കേണ്ടതില്ലെന്നും അദ്ദേഹം സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു. പ്രായപരിധി പുനഃനിയമനത്തിന് ബാധകമല്ലെന്നും ഒരു തവണ വി സിയായതിനാല്‍ തനിക്ക് പുനഃനിയമനത്തിന് യോഗ്യതയുണ്ടെന്നും ഡോ. ഗോപിനാഥ് രവീന്ദ്രന്‍ സത്യവാങ്മൂലത്തില്‍ വിശദീകരിച്ചിരുന്നു. ഇതെല്ലാം പരിശോധിച്ച ശേഷമാണ് ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനോട് സുപ്രീം കോടതി ഇപ്പോള്‍ ചോദ്യം ഉന്നയിച്ചിരിക്കുന്നത്.

Top