2001 മുതലുള്ള കറസ്‌പോണ്ടന്‍സ് എന്‍ജി. ബിരുദങ്ങള്‍ റദ്ദാക്കി സുപ്രീം കോടതി

supreame court

ന്യൂഡല്‍ഹി: 2001 മുതലുള്ള കറസ്‌പോണ്ടന്‍സ് എന്‍ജീനിയറിംഗ് ബിരുദങ്ങള്‍ അസാധുവാക്കി സുപ്രീംകോടതി.

കോടതി വിധിയോടെ ഈ ഡിഗ്രിയുടെ അടിസ്ഥാനത്തില്‍ വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരുടെ തൊഴില്‍ നഷ്ടപ്പെടാനും സാദ്ധ്യതയേറി.

കറസ്‌പോണ്ടന്‍സ് കോഴ്‌സ് വഴി നേടുന്ന എന്‍ജീനിയറിംഗ് ബിരുദങ്ങള്‍ യു.ജി.സിയോ ആള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എഡ്യുക്കേഷനോ അംഗീകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസുമാരായ എ.കെ.ഗോയല്‍, യു.യു.ലളിത് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെ സുപ്രധാന വിധി.

ഇത്തരം കറസ്‌പോണ്ടന്‍സ് സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നതിനോ വേണ്ട സൂക്ഷ്മപരിശോധന ഇല്ലാതെയോ ആണ് 16 വര്‍ഷമായി ഈ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതെന്നാണ് കോടതി വിധിയിലൂടെ പുറത്തു വരുന്നത്.

എ.ഐസി.ടി.ഇയുടെ അംഗീകാരമില്ലാതെ കോഴ്‌സുകള്‍ നടത്തരുതെന്ന് കല്പിത സര്‍വകലാശാലകളോട് കോടതി നിര്‍ദ്ദേശിച്ചു. മാത്രമല്ല പ്രവേശനം നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്താന്‍ സി.ബി.ഐയോട് ആവശ്യപ്പെടുകയും ചെയ്തു.

കല്പിത സര്‍വകലാശാലകള്‍ നടത്തുന്ന കോഴ്‌സുകളുടെ മേല്‍നോട്ടത്തിന് പുതിയ സംവിധാനം കൊണ്ടുവരാനും സുപ്രീം കോടതി കേന്ദ്രത്തോട് നിര്‍ദ്ദേശിച്ചു.

വിദ്യാഭ്യാസത്തിന്റെ വ്യാവാസായികവത്കരണത്തില്‍ യു.ജി.സി അമ്പേ പരാജയപ്പെട്ടെന്ന് കോടതി കുറ്റപ്പെടുത്തി. വിവിധ സ്ഥാപനങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന കല്പിത പദവി പുന:പരിശോധിക്കാനും കോടതി കേന്ദ്രത്തിന് നിര്‍ദ്ദേശം നല്‍കി.

എ.ഐ.സി.ടി.ഇ അംഗീകാരം ഇല്ലാതിരുന്നിട്ടും തമിഴ്‌നാട്ടിലെ വിനായക മിഷന്‍ റിസര്‍ച്ച് ഫൗണ്ടേഷന്റേതടക്കമുള്ള നാല് കല്പിത സര്‍വകലാശാലകള്‍ 2001 മുതല്‍ എന്‍ജീനിയറിംഗ് ബിരുദം നല്‍കിയത് ചോദ്യം ചെയ്ത ഹര്‍ജിയാണ് കോടതി പരിശോധിച്ചത്.

Top