മനോജ് എബ്രഹാം മോഡലില്‍ വേണം അടിച്ചമര്‍ത്തല്‍, മാധ്യമ പ്രവര്‍ത്തകന്റെ എഫ്.ബി പോസ്റ്റ് വൈറല്‍ !

പ്പോള്‍ കേരളം മാത്രമല്ല രാജ്യം തന്നെ ചര്‍ച്ച ചെയ്യുന്നത് കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളെ കുറിച്ചാണ്. എസ്.ഡി.പി.ഐയുടെയും ബി.ജെ.പിയുടെയും സംസ്ഥാന നേതാക്കളാണ് മണിക്കൂറുകളുടെ വ്യത്യാസത്തില്‍ കൊല്ലപ്പെട്ടിരിക്കുന്നത്. ഇനി എന്താണ് സംഭവിക്കുവാന്‍ പോകുന്നത് എന്ന ഭീതിയിലാണ് ജനങ്ങളുള്ളത്.

മാധ്യമങ്ങളെല്ലാം പ്രതിക്കൂട്ടില്‍ നിര്‍ത്തുവാന്‍ ശ്രമിക്കുന്നത് സര്‍ക്കാറിനെയും പൊലീസിനെയുമാണ്. പ്രത്യേകിച്ച് രണ്ടാമത്തെ കൊലപാതകം തടയാനെങ്കിലും പൊലീസ് വിചാരിച്ചിരുന്നെങ്കില്‍ സാധിക്കുമായിരുന്നു എന്നാണ് ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടുന്നത്. അക്രമം അടിച്ചമര്‍ത്താന്‍ പൊലീസ് മുഖം നോക്കാതെ നടപടി സ്വീകരിക്കണമെന്ന ആവശ്യവും ശക്തമായിരിക്കുകയാണ്.

ഈ ഒരു സാഹചര്യത്തില്‍ മാതൃഭൂമിയുടെ മുന്‍ ബ്യൂറോ ചീഫ് ആയ എസ്.ഡി വേണുകുമാറിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് വലിയ രൂപത്തിലാണിപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. ഇക്കാര്യം ചാനല്‍ ചര്‍ച്ചകളിലുള്‍പ്പെടെ ചൂണ്ടികാട്ടപ്പെടുകയുണ്ടായി. 21 വര്‍ഷം മുന്‍പ് കണ്ണുര്‍ എസ്.പി ആയിരിക്കെ മനോജ് എബ്രഹാം സ്വീകരിച്ച നടപടികളാണ് ആക്രമണം അടിച്ചമര്‍ത്താന്‍ ഉദാഹരണമായി ഈ മാധ്യമ പ്രവര്‍ത്തകന്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. രാഷ്ട്രീയ കലാപത്തിന്റെ വിളനിലമായ കണ്ണൂരിലെ രാഷ്ട്രീയ കലാപം ഉരുക്കുമുഷ്ടി ഉപയോഗിച്ച് അടിച്ചമര്‍ത്തിയ മനോജ് എബ്രഹാം ഇപ്പോള്‍ പൊലീസ് ആസ്ഥാനത്തെ എ.ഡി.ജി.പിയാണ്.

വേണുകുമാറിന്റെ ഫെയ്സ് ബുക്ക് പോസ്റ്റിലെ പൂർണ്ണ രൂപം ചുവടെ: –

തൊണ്ണൂറുകളുടെ അവസാനം കണ്ണൂരിലായിരുന്നു എന്റെ പത്രപ്രവർത്തന ജീവിതം. അക്കാലത്ത് കണ്ണൂരിന്റെ കുപ്രസിദ്ധി കൊലപാതകങ്ങളുടെ പേരിലായിരുന്നു. ഒരു അനുഷ്ഠാനം പോലെ എന്നും കൊലപാതകങ്ങൾ ! ഏതാണ്ട് 99 ശതമാനവും ആർ.എസ്.എസ്. – സി.പി.എം. കൊലപാതകങ്ങൾ. കൊലപാതക വാർത്തകളുടെ എഴുത്തു പോലും ഏതാണ്ട് ഒരേ മട്ടിലായിരുന്നു. കൊല്ലപ്പെട്ടവരുടെ പേരുവിവരങ്ങൾ മാത്രമേ മാറുകയുള്ളു.

ഒരു സി.പി.എം. പ്രവർത്തകൻ കൊല്ലപ്പെട്ടുവെന്നിരിക്കട്ടെ . ഒരു മണിക്കൂറിനകം പ്രതികാര കൊല . ആർ. എസ്. എസ്. കാരനാണെങ്കിൽ തിരിച്ചും . എണ്ണം തികക്കാനുള്ള ഈ ക്രൂരകൃത്യത്തിൽ പലപ്പോഴും ഇരകളാക്കുന്നത് നിരപരാധികളായിരുന്നുവെന്നതാണ് വാസ്തവം.

എത്ര കുടുംബങ്ങളുടെ അത്താണികളാണ് ഇങ്ങനെ പാതിവഴിയിൽ ജീവിതമവസാനിപ്പിക്കാൻ വിധിക്കപ്പെട്ടത് ! എത്ര അമ്മമാരുടെ കണ്ണീർ വീണ് കുതിർന്നതാണ് കണ്ണൂരിന്റെ മണ്ണ് എന്ന് ഇന്ന് എത്ര പേർ ഓർക്കുന്നു ! ഇരു പക്ഷവും ആയുധം താഴെ വച്ചതിന്ന് ശേഷമാണ് കണ്ണൂരിനോടുള്ള ഭയം കേരളത്തിന്റെ ഇതരഭാഗങ്ങളിൽ നിന്ന് അകന്നത്.

ഇപ്പോൾ ഇത് ഓർക്കാൻ കാരണം, ആലപ്പുഴയിൽ നിന്ന് കേട്ട രണ്ട് കൊലപാതക വാർത്തകളാണ്. ഒരു എസ്.ഡി.പി.ഐ. ന്നേതാവും ബി.ജെ.പി.നേതാവും മണിക്കൂറുകളുടെ വ്യത്യാസത്തിൽ കൊല്ലപ്പെട്ടിരിക്കുന്നു. ഇത് ആദ്യത്തേതല്ല. കുറച്ചു നാൾ മുമ്പ് ചേർത്തലയിൽ, പിന്നീട് പാലക്കാട് ഒക്കെയും കൊലപാതകങ്ങൾ നടന്നു. അവിടെ കൊല്ലപ്പെട്ടവർ ആർ. എസ്.എസ്. കാർ ആയിരുന്നുവെന്നാണ് വാർത്തകൾ .

എവിടെയായാലും കൊലപാതകങ്ങളിൽ യഥാർത്ഥ കുറ്റവാളികൾ അഴികൾക്കുള്ളിൽ അകപ്പെടുന്നുവെന്നും നീതി വൈകുന്നില്ലെന്നും ഉറപ്പാക്കേണ്ട ഉത്തരവാദിത്തം പോലീസിനുള്ളതാണ്. അങ്ങനെ സംഭവിച്ചാൽ മാത്രമേ അക്രമികളെ അമർച്ച ചെയ്യാനാവൂ. കണ്ണൂർ നൽകുന്ന പാഠമതാണ്. 2000 ഒടുവിൽ മനോജ് ഏബ്രഹാം കണ്ണൂർ എസ്.പി. ആയി വന്നതോടെയാണ് അവിടെ ഇങ്ങനെ ഒരു അന്തരീക്ഷം സൃഷ്ടിക്കപ്പെട്ടത്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തെ തുടർന്നായിരുന്നു പോലീസ് തലപ്പത്തെ ഈ മാറ്റം. തിരഞ്ഞെടുപ്പ് കമ്മീഷന്റെ കീഴിലായിരുന്നു പോലീസ്. ആ സാഹചര്യം മനോജ് ഏബ്രഹാം നന്നായി ഉപയോഗിച്ചു എന്ന് പറയുന്നതാവും ശരി. അദ്ദേഹം അവിടെ എത്തും മുമ്പ് വരെ കൊല നടത്തുന്നവർ തന്നെ പോലീസിന് പ്രതികളെ എത്തിച്ചു കൊടുക്കുന്നതായിരുന്നു പതിവ്. പോലീസിന് പണി എളുപ്പമായിരുന്നു. യഥാർത്ഥ കുറ്റവാളികൾ പുറത്ത് അക്രമങ്ങളുമായി വിലസുകയും അറേഞ്ച്ഡ് പ്രതികൾ അകത്ത് കിടക്കുകയും ചെയ്യും. ഇത് എല്ലാവർക്കും അറിയാമായിരുന്നുവെങ്കിലും അതിൽ ആരും അസ്വാഭാവികത പോലും കണ്ടില്ല. മാധ്യമങ്ങളും ഇത് കണ്ടില്ലെന്ന് നടിച്ചു . ഭയം തന്നെ കാരണം.

പക്ഷേ, മനോജ് എബ്രഹാം വന്നതോടെ കഥ മാറി. പ്രതികളുമായി വന്നവരോട് അദ്ദേഹം പറഞ്ഞു – വേണ്ട, ഞാൻ പിടിച്ചോളാം. അധികാരം കൈവശമില്ലാതിരുന്ന രാഷ്ട്രീയ കക്ഷിയിൽപ്പെട്ടവർ ചില്ലറ വിരട്ട് നടത്തിയെങ്കിലും അദ്ദേഹം വഴങ്ങിയില്ല. റിവോൾവറുമായി കുറ്റവാളികളുടെ പിന്നാലെ പാഞ്ഞു. ഒപ്പം നിന്ന പോലീസ് ഉദ്യോഗസ്ഥർക്കും മനോബലം നൽകി. രാഷ്ട്രീയ നേതൃത്വത്തിന് മുന്നിൽ കുഞ്ഞാടുകളായിരുന്ന പഴയ പോലീസ് പെട്ടെന്ന് ശൗര്യവുമായി മുഖം മാറിയത് കണ്ണൂരിൽ അന്ന് സാധാരണക്കാർക്ക് പകർന്ന ആത്മവിശ്വാസം ചെറുതായിരുന്നില്ല. ക്രമേണ പതിവ് കുറ്റവാളികൾ ഒന്നൊന്നായി പോലീസിന്റെ വലയിലായി. അവർ ജയിലറക്കുള്ളിലായതോടെ പരിശീലനം കിട്ടിയ പ്രൊഫഷണൽ കുറ്റവാളികളുടെ ക്ഷാമം ഏറ്റുമുട്ടലുകളുടെ തീവ്രത കുറച്ചു. ഈ കൊലപാതക പരമ്പരകളിൽ കക്ഷിയല്ലാതിരുന്ന യു.ഡി.ഫ് ആണ് തുടർന്ന് അധികാരത്തിലെത്തിയത്. എ.കെ. ആന്റണിയുടെ നേതൃത്വത്തിലുള്ള സർക്കാർ നൽകിയ സ്വാതന്ത്ര്യം പോലീസിന് മനോവീര്യം പകർന്നുവെന്നതും നേര്. കണ്ണൂർ കൊലപാതക പരമ്പരകളിലെ വീര ശൂര പരാക്രമികൾ തടവറക്കുള്ളിലായതോടെ കൊലപാതകം ആദായകരമായ തൊഴിലല്ലെന്ന് അവിടുത്തെ ചെറുപ്പക്കാർക്കു മനസ്സിലായി.

പോലീസ് അവരുടെ പണി മുഖം നോക്കാതെ ചെയ്താൽ ഈ ക്രൂരത ഇവിടെ അവസാനിക്കും. അല്ലെങ്കിൽ കേരളം വീണ്ടും കുരുതിക്കളമാകും. കേരളം ഭരിക്കുന്ന സർക്കാരും മരിക്കുന്നത് മനുഷ്യരാണെന്ന ബോധ്യത്തോടെ വേണം കാര്യങ്ങളെ കാണാൻ.

Top