പിന്തുണയ്ക്കണം നീതിക്കായുള്ള കാല്‍നൂറ്റാണ്ട് പിന്നിട്ട പോരാട്ടത്തെ;മനാഫിന് നീതിതേടി കുടുംബം

മലപ്പുറം: രാജന്‍ കേസില്‍ എന്റെ മകനെ എന്തിന് വെയിലത്ത് നിര്‍ത്തുന്നു എന്ന ചോദ്യമുയര്‍ത്തി നീതിക്കായി നെഞ്ചുപൊള്ളി ഈച്ചരവാര്യര്‍ എന്ന അച്ഛന്‍ നടത്തിയ പോരാട്ടത്തെ നെഞ്ചേറ്റിയവരാണ് മലയാളികള്‍. മലപ്പുറം ഒതായി അങ്ങാടിയില്‍ പട്ടാപ്പകല്‍ മനാഫെന്ന ചെറുപ്പക്കാരനെ കൊന്നുതള്ളിയവര്‍ പണത്തിന്റെയും സ്വാധീനത്തിന്റെയും കരുത്തില്‍ നിയമവാഴ്ചയെ വെല്ലുവിളിക്കുമ്പോള്‍ അവര്‍ക്കെതിരെ കഴിഞ്ഞ 25 വര്‍ഷമായി നിശബ്ദമായ നിയമപോരാട്ടത്തിലാണ് മനാഫിന്റെ കുടുംബം.

മനാഫ് വധക്കേസില്‍ രണ്ടാം പ്രതിയായിരുന്നു പി.വി അന്‍വര്‍ എം.എല്‍.എ. കേസിലെ ഒന്നും മൂന്നും പ്രതികളായ അന്‍വറിന്റെ സഹോദരീപുത്രന്‍മാരായ ഷെഫീഖും ഷെരീഫും മനാഫിന്റെ കുടുംബം നടത്തിയ നിയമപോരാട്ടത്തെ തുടര്‍ന്ന് 25 വര്‍ഷത്തിനു ശേഷമാണ് പിടിയിലായത്. പിടിയിലായ പ്രതികളെ വിചാരണ ചെയ്യാന്‍ സ്പെഷല്‍ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് രണ്ട് തവണ ഹൈക്കോടതി ഉത്തരവിട്ടിട്ടും സര്‍ക്കാര്‍ നടപ്പാക്കിയില്ല.

ഹൈക്കോടതി ഉത്തരവ് നടപ്പാക്കാത്തതിനെതിരെ മനാഫിന്റെ സഹോദരന്‍ അബ്ദുല്‍ റസാഖ് ഹൈക്കോടതിയില്‍ കോടതി അലക്ഷ്യ ഹര്‍ജി സമര്‍പ്പിച്ചിരിക്കുകയാണ്. സുപ്രീം കോടതിയിലടക്കം നിയമയുദ്ധം തുടരാന്‍ കാല്‍നൂറ്റാണ്ടായി കുടുംബം നടത്തുന്ന നിയമപോരാട്ടം നിലയ്ക്കാതിരിക്കാന്‍ മനാഫിന് നീതിതേടിയുള്ള പോരാട്ടത്തിന് പിന്തുണ തേടുകയാണ് മനാഫിന്റെ സഹോദരന്‍ അബ്ദുല്‍ റസാഖ്.

റസാഖിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

മനാഫിന് നീതി വേണം; കാല്‍നൂറ്റാണ്ടായി തുടരുന്ന നിയമപോരാട്ടത്തെ പിന്തുണയ്ക്കൂ

നീതിക്കായി കാല്‍നൂറ്റാണ്ടായി കണ്ണീരോടെ കാത്തിരിക്കുകയാണ് ഞങ്ങളുടെ കുടുംബം. ഞങ്ങള്‍ക്ക് താങ്ങും തണലുമായിരുന്ന എന്റെ സഹോദരന്‍ മനാഫ് ഇന്ന് ഞങ്ങള്‍ക്കൊപ്പമില്ല. ഗള്‍ഫില്‍ നിന്നും മടങ്ങിയെത്തി നാട്ടില്‍ ഓട്ടോറിക്ഷ ഓടിച്ച് ജീവിക്കുകയായിരുന്നു മനാഫ്. 25 വര്‍ഷം മുമ്പ് ഒതായി അങ്ങാടിയില്‍വെച്ച് എന്റെ പിതാവിനെ മര്‍ദ്ദിച്ച് ഞങ്ങളുടെ കണ്‍മുന്നിലിട്ടാണ് മനാഫിനെ നിഷ്ഠൂരമായി കുത്തികൊലപ്പെടുത്തിയത്. കേസില്‍ രണ്ടാം പ്രതിയായി നാട്ടില്‍ നിന്നും ഓടിപ്പോയ പി.വി അന്‍വര്‍ ഇന്ന് എം.എല്‍.എയാണ്. പണവും സ്വാധീനവുമുള്ള അന്‍വറിനും സംഘത്തിനും മുന്നില്‍ നിയമം നട്ടെല്ലുവളയ്ക്കുന്ന കാഴ്ചയാണ് കോടതിയില്‍ കണ്ടത്. ഞങ്ങള്‍ക്ക് നീതിതേടിത്തരാന്‍ നിയമിച്ച സ്പെഷല്‍ പ്രോസിക്യൂട്ടര്‍ സി. ശ്രീധരന്‍നായര്‍ പ്രതിഭാഗവുമായി ഒത്തുകളിച്ചു. ഒന്നാം സാക്ഷിയെ കൂറുമാറ്റിച്ചാണ് അന്‍വറടക്കമുള്ള 21 പ്രതികളെ വിചാരണക്കോടതി വെറുതെവിട്ടത്. കൂറുമാറിയ സാക്ഷിക്കെതിരെ കേസെടുപ്പിക്കാനോ മറ്റു സാക്ഷികളെ വിസ്തരിച്ച് പ്രതികള്‍ക്ക് ശിക്ഷവാങ്ങികൊടുക്കാനോ അദ്ദേഹം തയ്യാറായില്ല. മനാഫിന് നീതികിട്ടാത്തതില്‍ മനംനൊന്ത് ഹൃദയംപൊട്ടിയാണ് എന്റെ ബാപ്പയും ഉമ്മയും മരിച്ചത്.

പ്രതികളെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ റിവിഷന്‍ ഹരജി നല്‍കി കുടുംബം നിയമയുദ്ധം ഇപ്പോഴും തുടരുകയാണ്. ഇതേ ആവശ്യവുമായുള്ള സര്‍ക്കാരിന്റെ അപ്പീലും ഹൈക്കോടതിയുടെ പരിഗണനയിലാണ്.
പി.വി അന്‍വറിന്റെ സഹോദരീ പുത്രന്‍മാരായ ഒന്നാം പ്രതി മാലങ്ങാടന്‍ ഷെഫീഖും മൂന്നാം പ്രതി ഷെരീഫും 25 വര്‍ഷമായി ദുബായില്‍ സുഖജീവിതം നയിക്കുകയായിരുന്നു. അടിക്കടി നാട്ടില്‍ വന്ന് മടങ്ങിയിരുന്ന ഇവരെ പിടിക്കാന്‍ പോലീസ് ചെറുവിരലുപോലും അനക്കിയില്ല. കൂട്ടുപ്രതികളായ എളമരം മപ്രം പയ്യനാട്ട് തൊടിക കബീര്‍ ഗള്‍ഫില്‍ ബിസിനസുമായി നാട്ടില്‍ നാലരക്കോടിയുടെ മണിമാളിക പണിത് മുതലാളിയായി വിലസുകയായിരുന്നു. നിലമ്പൂര്‍ ജനതപ്പടിയിലെ കോട്ടപ്പുറം മുനീബ് പി.വി അന്‍വര്‍ എം.എല്‍.എയുടെ കക്കാടംപൊയിലിലെ വാട്ടര്‍തീം പാര്‍ക്കിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു. ഇക്കാര്യം പല തവണ പോലീസിനെ അറിയിച്ചിട്ടും ഇവരെ പിടികൂടാന്‍ തയ്യാറായില്ല. ഇതോടെ ഒളിവിലുള്ള നാല് പ്രതികളെ പ്രതികളെ പിടികൂടണമെന്ന ആവശ്യവുമായി മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ടേറ്റ് കോടതിയെ സമീപിക്കുകയായിരുന്നു. നാലു പ്രതികളെയും ലുക്കൗട്ട് നോട്ടീസിറക്കി ഇന്റര്‍പോള്‍ സഹായത്തോടെ പിടികൂടണമെന്ന് കോടതി 2018 ജൂലൈ 25ന് ഉത്തരവിട്ടു.

ഇതിനു പിന്നാലെയാണ് 2018 ആഗസ്റ്റ് 30തിന് കബീറും മുനീബും കീഴടങ്ങിയത്. പിന്നീട് ഷെരീഫും കീഴടങ്ങി. കേസില്‍ പിടിയിലായ കബീര്‍, ജാബിര്‍ എന്ന പേരില്‍ പാസ്പോര്‍ട്ടെടുത്താണ് ഖത്തറിലേക്ക് കടന്നത്. കൊലപാതകക്കേസില്‍ പ്രതിയായിട്ടും വ്യാജപേരില്‍ പാസ്പോര്‍ട്ടെടുക്കാന്‍ ഇവിടുത്തെ പോലീസ് സംവിധാനവും ഇവരുടെ സാമ്പത്തിക സ്വാധീനങ്ങളും തുണയായി നിന്നു. ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയത് മറച്ചുവെച്ച് കബീറും മുനീബും വിചാരണക്കോടതിയായ മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി രണ്ടില്‍ നിന്നും ജാമ്യത്തിലിറങ്ങി നിയമവ്യവസ്ഥയെ തന്നെ പരസ്യമായി വെല്ലുവിളിച്ചു.

ഹൈക്കോടതിയില്‍ ഇവരുടെ ജാമ്യാപേക്ഷയെ സഹോദരനായ ഞാന്‍ എതിര്‍ത്തു. പ്രതികള്‍ നിയമത്തെ കബളിപ്പിച്ച് ജാമ്യം നേടിയത് നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസം തകര്‍ക്കുന്നതായി വിലയിരുത്തിയ ജസ്റ്റിസ് രാജ വിജയരാഘവന്‍ 15000 രൂപ വീതം രണ്ടു പ്രതികള്‍ക്കും പിഴ ശിക്ഷ വിധിക്കുകയും ജാമ്യം റദ്ദാക്കുകയും ചെയ്തു.
ഹൈക്കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ പ്രതികള്‍ക്ക് ജാമ്യം നല്‍കിയ മഞ്ചേരി അഡീഷണല്‍ ഡിസ്ട്രിക് ആന്റ് സെഷന്‍സ് ഡജ്ഡി രണ്ട് എ.വി നാരായണനെതിരെ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് പരാതിയും നല്‍കി. ഹൈക്കോടതി രജിസ്ട്രാര്‍ ഇതേക്കുറിച്ച് അന്വേഷണം നടത്തി. ജില്ലാ ജഡ്ജിയുടെ റിപ്പോര്‍ട്ട്കൂടി പരിഗണിച്ച് ജാമ്യം അനുവദിച്ച അഡീഷണല്‍ ജില്ലാ ജഡ്ജിയെ താക്കീത് ചെയ്യുകയും മേലില്‍ ഇത്തരം വീഴ്ച ആവര്‍ത്തിക്കരുതെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു.

കേസിലെ ഒന്നാം പ്രതിയായ അന്‍വറിന്റെ സഹോദരീ പുത്രന്‍ ഷെഫീഖിനെ ലുക്കൗട്ട് നോട്ടീസിറക്കി ഇന്റര്‍പോള്‍ സഹായത്തോടെ പിടികൂടാനുള്ള മഞ്ചേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റിന്റെ ഉത്തരവ് രണ്ട് വര്‍ഷത്തോളമായി പോലീസ് നടപ്പാക്കിയില്ല. കുടുംബം നീതിതേടി സെക്രട്ടറിയേറ്റിന് മുന്നില്‍ നീതിസമരം നടത്തിയിട്ടും സര്‍ക്കാര്‍ കണ്ണ് തുറന്നില്ല. ഒടുവില്‍ കോവിഡ് കാലത്ത് ചാര്‍ട്ടേഡ് വിമാനത്തില്‍ കരിപ്പൂരിലെത്തിയപ്പോള്‍ ജൂണ്‍ 24ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍വെച്ചാണ് ഷെഫീഖ് പിടിയിലായത്.

പിടിയിലായ പ്രതികളുടെ വിചാരണക്ക് സ്പെഷല്‍ പ്രോസിക്യൂട്ടറെ അനുവദിക്കണമെന്ന നിവേദനം മുഖ്യമന്ത്രി പരിഗണിച്ചതുപോലുമില്ല. . ഞങ്ങള്‍ നീതി തേടി ഹൈക്കോടതിയെ സമീപിച്ചു. കുടുംബത്തിന്റെ ആവശ്യം ന്യായമാണെന്നു നിരീക്ഷിച്ച ഹൈക്കോടതി 45 ദിവസത്തിനകം സ്പെഷല്‍ പ്രേസിക്യൂട്ടറെ നിയമിക്കുന്നതില്‍ അനുകൂല തീരുമാനമെടുക്കണമെന്ന് ഉത്തരവിട്ടു. എന്നാല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സ് സി. ശ്രീധരന്‍നായരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്പെഷല്‍ പ്രോസിക്യൂട്ടര്‍ എന്ന ആവശ്യം സര്‍ക്കാര്‍ നിഷ്‌ക്കരുണം തള്ളുകയായിരുന്നു. മനാഫ് വധക്കേസില്‍ പൊതുതാല്‍പര്യമില്ലെന്നും പ്രതികളെ വെറുതെവിട്ട കേസില്‍ സ്പെഷല്‍ പ്രോസിക്യൂട്ടറെ നിയമിക്കുന്നത് പൊതുമുതല്‍ ധൂര്‍ത്തടിക്കലുമായിരിക്കുമെന്നുമായിരുന്നു ശ്രീധരന്‍നായരുടെ റിപ്പോര്‍ട്ട്. മനാഫ് വധക്കേസില്‍ പ്രോസിക്യൂട്ടറായിരുന്ന ശ്രീധരന്‍നായര്‍ പ്രതിഭാഗവുമായി ഒത്തുകളിച്ചാണ് പി.വി അന്‍വര്‍ അടക്കമുള്ള പ്രതികളെ വെറുതെവിടാനുള്ള സാഹചര്യമുണ്ടാക്കിയത്.

ഇതേ ശ്രീധരന്‍നായര്‍ ഡി.ജി.പിയായപ്പോഴാണ് സ്പെഷല്‍ പ്രോസിക്യൂട്ടറുടെ ഒഴിവുവന്നത്. പ്രോസിക്യൂട്ടറെ നിയമിക്കാനുള്ള ചെലവ് കുടുംബം വഹിക്കാമെന്നറിയിച്ചിട്ടും രാഷ്ട്രീയ കൊലപാതകക്കേസുകളിലെ പ്രതികള്‍ക്കുവേണ്ടി കോടികള്‍ ചെലവിട്ട് സുപ്രീം കോടതി അഭിഭാഷകരെ കൊണ്ടുവരാന്‍ മടികാട്ടാത്ത സര്‍ക്കാര്‍ ഞങ്ങളോട് കരുണകാണിച്ചില്ല. ഇതോടെ വീണ്ടും നീതി തേടി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. സര്‍ക്കാര്‍ ഉത്തരവ് തള്ളിയ ഹൈക്കോടതി ഞാന്‍ സമര്‍പ്പിക്കുന്ന അഭിഭാഷകപാനലില്‍ നിന്നും രണ്ടു മാസത്തിനകം സ്പെഷള്‍ പ്രോസിക്ടൂട്ടറെ നിയമിക്കണെന്ന അര്‍ത്ഥശങ്കക്കിടയില്ലാതെ ഉത്തരവിട്ടു. അഭിഭാഷക പാനല്‍ സമര്‍പ്പിച്ച് ഒമ്പത് മാസം കഴിഞ്ഞിട്ടും സ്പെഷല്‍ പ്രോസിക്യൂട്ടറെ നിയമിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. പി.വി അന്‍വര്‍ എം.എല്‍.എയുടെ രാഷ്ട്രീയ, സാമ്പത്തിക സ്വാധീനത്തിനു വഴങ്ങി ഹൈക്കോടതി ഉത്തരവുപോലും സര്‍ക്കാര്‍ അംഗീകരിക്കുന്നില്ല.

ഹൈക്കോടതി ഉത്തരവ് നടപ്പാക്കാത്തതിനെതിരെ ഹൈക്കോടതിയില്‍ സര്‍ക്കാരിനെതിരെ കോടതി അലക്ഷ്യഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ട്. ഒന്നാം പ്രതിക്ക് നല്‍കിയ ജാമ്യം റദ്ദാക്കാന്‍ സുപ്രീം കോടതിയെ സമീപിക്കണം. പി.വി അന്‍വറടക്കമുള്ള പ്രതികളെ വെറുതെവിട്ട വിചാരണക്കോടതി വിധിക്കെതിരായ റിവിഷന്‍ ഹര്‍ജിയും ഹൈക്കോടതിയിലുണ്ട്. കോടീശ്വരനായ പി.വി അന്‍വര്‍ എം.എല്‍.എയും സ്വാധീനത്തിനും ഭീഷണികള്‍ക്കും വഴങ്ങാതെ കഴിഞ്ഞ 25 വര്‍ഷമായി കുടുംബമാണ് നിയമപോരാട്ടം നടത്തുന്നത്.

ഹൈക്കോടതിയിലും സുപ്രീം കോടതിയിലും നിയമപോരാട്ടത്തിന് സാമ്പത്തിക ശേഷിയില്ലാതെ കഷ്ടപ്പെടുകയാണ് ഞങ്ങളിപ്പോള്‍. മനാഫിന് നീതിതേടിക്കൊടുക്കണമെന്ന ദൃഢനിശ്ചവുമായാണ് ഞങ്ങള്‍ പോരാടുന്നത്. കുടുംബത്തിന്റെ അത്താണിയായ ഒരു ചെറുപ്പക്കാരനെ പട്ടാപ്പകല്‍ കുത്തികൊലപ്പെടുത്തിയാലും പണവും രാഷ്ട്രീയ സ്വാധീനവുമുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടാതെ വിലസിനടക്കാമെന്ന അവസ്ഥ ഇനിയുണ്ടാകരുത്. സമ്പത്തും സ്വാധീനവുമില്ലാത്ത ഞങ്ങളെപ്പോലെയുള്ള പാവങ്ങളുടെ അവസാന അത്താണിയാണ് കോടതി. കാല്‍നൂറ്റാണ്ടായി ഞങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്ന നിയമയുദ്ധം തുടരാന്‍, മനാഫിന് നീതി ലഭിക്കാന്‍ നിങ്ങളുടെ സഹായവും പിന്തുണയും കൂടിവേണം.

മനാഫിന്റെ സഹോദരന്‍ പള്ളിപ്പറമ്പന്‍ അബ്ദുല്‍റസാഖ്

PALLIPPARAMBAN ABDUL RAZAK

A/C 0500053000007859
South Indian Bank
Edavanna Branch
IFSC SIBL0000500

Top