‘You support terrorists’ – Recep Tayyip Erdogan slams Angela Merkel, Netherlands

ഇസ്തംബൂള്‍: ജര്‍മന്‍ ചാന്‍സിലര്‍ അംഗല മെര്‍കല്‍ ഭീകരരെ സംരക്ഷിക്കുന്നുവെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍.

ഹബര്‍ ടീവിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഉര്‍ദുഗാന്‍ ജര്‍മന്‍ ചാന്‍സിലറെ രൂക്ഷമായി വിമര്‍ശിച്ചത്.

മെര്‍കല്‍, ഭീകരര്‍ക്കെതിരെ നടപടിയെടുക്കാതെ എന്തിനാണ് അവരെ ഒളിപ്പിക്കുന്നത്. അതിനര്‍ഥം ഭീകരരെ അവര്‍ പിന്തുണക്കുകയാണെന്നും ഉര്‍ദുഗാന്‍ കൂട്ടിച്ചേര്‍ത്തു.

തുര്‍ക്കി, യൂറോപ്യന്‍ യൂണിയന്‍, യു.എസ് എന്നീ രാഷ്ട്രങ്ങള്‍ ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന കുര്‍ദിസ്താന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടിയെ (പി.കെ.കെ) പേരെടുത്ത് പറയാതെ സൂചിപ്പിക്കുകയായിരുന്നു ഉര്‍ദുഗാന്‍.

ഏപ്രിലില്‍ തുര്‍ക്കിയില്‍ നടക്കുന്ന നടക്കുന്ന ഹിതപരിശോധന സംബന്ധിച്ച പ്രചാരണം നടത്തുന്നതിന് തുര്‍ക്കി മന്ത്രിമാര്‍ക്ക് യൂറോപ്പിലെ വിവിധ രാജ്യങ്ങള്‍ അനുമതി നിഷേധിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. ഈ വിഷയത്തില്‍ തുര്‍ക്കിയുമായി ഫ്രാന്‍സ് തുറന്ന സമീപനം സ്വീകരിക്കുമ്പോള്‍ നെതര്‍ലാന്റ്, ജര്‍മനി, ഓസ്ട്രിയ തുടങ്ങിയ രാജ്യങ്ങളാണ് തുര്‍ക്കിക്കെതിരെ രംഗത്ത് വന്നത്.

എന്നാല്‍ ഇക്കാര്യത്തില്‍ നയതന്ത്ര മര്യാദകള്‍ ലംഘിച്ചത് തുര്‍ക്കിയാണെന്ന് ഡച്ച് പ്രധാനമന്ത്രി മാര്‍ക് റൂട്ടെ പ്രതികരിച്ചിരുന്നു. ഹിതപരിശോധനക്കായുള്ള റാലി അനുവദിക്കില്ലെന്ന് തങ്ങള്‍ നേരത്തെ വ്യക്തമാക്കിയതാണെന്നും അത് തുര്‍ക്കി മന്ത്രിമാര്‍ അവഗണിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വിഷയത്തില്‍ തുര്‍ക്കിയുടേത് അധികപ്രസംഗമെന്ന് യൂറോപ്യന്‍ യൂനിയന്‍ വിമര്‍ശമുന്നയിച്ചു. തുര്‍ക്കി മന്ത്രിമാരെ പ്രവേശിപ്പിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് അതത് രാഷ്ട്രങ്ങളാണ്.
ഇപ്പോള്‍ ഉര്‍ദുഗാന്‍ നടത്തുന്ന പ്രസ്താവനകള്‍ പ്രശ്‌നം കൂടുതല്‍ വഷളാക്കാനേ ഉപകരിക്കൂവെന്നും യൂറോപ്യന്‍ യൂണിയന്‍ പുറത്തിറക്കിയ വാര്‍ത്ത കുറിപ്പില്‍ പറഞ്ഞു.

Top