സ്വയം പ്രതിരോധത്തിന് ഇന്ത്യയ്ക്ക് അവകാശം ; പാകിസ്ഥാന് മുന്നറിയിപ്പുമായി അമേരിക്ക

വാഷിംങ്ടണ്‍: സ്വയം പ്രതിരോധിക്കുന്നതിനുള്ള ഇന്ത്യയുടെ അവകാശത്തെ പിന്തുണയ്ക്കുന്നതായി അമേരിക്ക. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനോടു അമേരിക്കന്‍ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടനാണ് ഇക്കാര്യം വ്യക്തമാക്കിയത്.

പാകിസ്ഥാന്‍, ഭീകര സംഘടനകളുടെ സുരക്ഷിത താവളമാകരുതെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറിയും നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ഭീകരവാദത്തെ പ്രതിരോധിക്കുന്ന ഇന്ത്യയോടൊപ്പമാണ് അമേരിക്ക നില്‍ക്കുന്നതെന്നും പോംപെയോ അറിയിച്ചു.

അത്യന്തം നീചമായ ഭീകരാക്രമണത്തെ അതിശക്തമായ ഭാഷയില്‍ അപലപിച്ചാണു വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി സാറ സാന്‍ഡേഴ്‌സ് പ്രതികരിച്ചത്. പാക്ക് മണ്ണില്‍ പ്രവര്‍ത്തിക്കുന്ന ഈ ഭീകരസംഘടനകളുടെ ഏക ലക്ഷ്യം മേഖലയിലെമ്പാടും അക്രമവും അശാന്തിയും ഭയവും വിതയ്ക്കുകയാണെന്നും സാറ നിലപാടെടുത്തിരുന്നു. അമേരിക്കന്‍ കോണ്‍ഗ്രസ് അംഗങ്ങളും ഭീകരാക്രമണത്തെ അപലപിച്ച് ഇന്ത്യയ്ക്കു പിന്തുണ അറിയിച്ചു.

പുല്‍വാമയില്‍ ചാവേറാക്രമണമുണ്ടായതിനു പിന്നാലെ തന്നെ ഇന്ത്യയ്ക്കു പിന്തുണയുമായി അമേരിക്ക രംഗത്തെത്തിയിരുന്നു. തുടര്‍ന്നു വീണ്ടും നിലപാട് ആവര്‍ത്തിക്കുകയായിരുന്നു. ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ അഞ്ച് ജവാന്‍മാര്‍ ചികില്‍സയിലാണ്. പാക്കിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജയ്‌ഷെ മുഹമ്മദ് ചാവേറാക്രമണത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്തിരുന്നു.

എന്നാല്‍ ആക്രമണത്തില്‍ പങ്കില്ലെന്നും അത്തരം ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും വ്യക്തമാക്കി പാകിസ്ഥാന്‍ വാര്‍ത്താ കുറിപ്പ് ഇറക്കി. അതേസമയം ആക്രമണത്തില്‍ പങ്കില്ലെന്ന പാകിസ്ഥാന്‍ നിലപാട് ജമ്മു കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്ക് തള്ളി. ഭീകരാക്രമണത്തില്‍ പങ്കില്ലെന്ന പാകിസ്ഥാന്‍ വാദം അസംബന്ധമാണ്. ആക്രമണം നടക്കുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് ഇന്ത്യയ്‌ക്കെതിരെ പാക്കിസ്ഥാനില്‍ തീവ്രവാദികള്‍ തുറന്ന വെല്ലുവിളിയുമായി പ്രകടനം നടത്തിയിരുന്നു. പാക്കിസ്ഥാന്റെ നിരാശയില്‍ നിന്നാണ് ഇത്തരമൊരു ഹീനമായ ആക്രമണമുണ്ടായിരിക്കുന്നതെന്നും സത്യപാല്‍ മാലിക് പറഞ്ഞു.

Top