സാബു ജേക്കബിന് പിന്തുണ; കര്‍ണാടകയിലേക്ക് ക്ഷണിക്കുന്നുവെന്ന് രാജീവ് ചന്ദ്രശേഖര്‍

ബംഗളൂരു: കിറ്റക്സ് വിഷയത്തില്‍ ഇടപെട്ട് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ രംഗത്ത്. സാബു ജേക്കബിനോട് സംസാരിക്കുകയും അദ്ദേഹത്തിന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തുവെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. വ്യവസായ നിക്ഷേപത്തിനായി കിറ്റക്സിനെ കര്‍ണാടകയിലേക്ക് ക്ഷണിക്കുകയും ചെയ്തുവെന്നും മന്ത്രി ട്വീറ്റ് ചെയ്തു.

കര്‍ണാടകയില്‍ കിറ്റക്സിന് ആവശ്യമുള്ള സൗകര്യങ്ങള്‍ ഒരുക്കി നല്‍കും. ഇക്കാലത്ത്, തൊഴില്‍ സൃഷ്ടിക്കാന്‍ കഴിയുന്ന ഏതു നിക്ഷേപകനെയും സംരംഭകനെയും നിലനിര്‍ത്തേണ്ടത് അനിവാര്യമാണ്. ആ തൊഴില്‍ സൃഷ്ടിക്കലിനെ പിന്തുണയ്ക്കുകയെന്നത് രാഷ്ട്രീയ നേതാക്കളുടെ ധാര്‍മിക ഉത്തരവാദിത്വമാണ്. തൊഴില്‍ സംരംഭകനെ തകര്‍ക്കാന്‍ പാടില്ലെന്നും കേരളത്തിന്റെ രാഷ്ട്രീയം നിക്ഷേപത്തിന്റെ രാഷ്ട്രീയവും തൊഴില്‍ സൃഷ്ടിക്കലിന്റെ രാഷ്ട്രീയവുമായി മാറണമെന്നും അദ്ദേഹം നേരത്തെ ആവശ്യപ്പെട്ടിരുന്നു.

ഇതിന് പിന്നാലെ സാബു ജേക്കബിനോട് സംസാരിക്കുകയും കേരളത്തിലെ ആയിരക്കണക്കിന് മലയാളികള്‍ക്ക് തൊഴില്‍ നല്‍കുന്ന അദ്ദേഹത്തിന്റെ വ്യവസായത്തിന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുകയും ചെയ്തുവെന്ന് രാജീവ് ചന്ദ്രശേഖര്‍ ട്വീറ്റ് ചെയ്തു.

 

Top