ഹക്കീം ഫൈസി ആദൃശേരിക്ക് പിന്തുണ: സിഐസിയില്‍ വകുപ്പ് മേധാവികൾ അടക്കം 118 പേർ രാജിവെച്ചു

മലപ്പുറം: ഹക്കീം ഫൈസി ആദൃശേരിയുടെ രാജി ചോദിച്ച് വാങ്ങിയതിന് പിന്നാലെ കോ ഓർഡിനേഷൻ ഓഫ് ഇസ്ലാമിക് കോളേജിൽ‌ കൂട്ട രാജി. വകുപ്പ് മേധാവികൾ അടക്കം 118 പേർ പ്രതിഷേധക സൂചകമായി രാജിവെച്ചു. സമസ്തയിലെ ഒരു വിഭാഗം പിന്തുടർന്ന് വേട്ടയാടുകയാണെന്ന് ഹക്കീം ഫൈസി ആദൃശേരി വാർത്താസമ്മേളനത്തിൽ ആരോപിച്ചു. വേദി വിലക്ക് കാലത്തിനു യോജിക്കാത്ത നാണംകെട്ട നടപടി ആണെന്നും അദ്ദേഹം ആഞ്ഞടിച്ചു.

സമസ്തയുമായുള്ള തർക്കത്തിനൊടുവിൽ സിഐസി ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന ഹക്കിം ഫൈസി ആദൃശേരി ഇന്നലെ രാജിവെച്ചിരുന്നു. ഒരു വർഷത്തോളമായി നീണ്ട തർക്കത്തിനൊടുവിൽ ആദ്യം പിന്തുണച്ച സാദിഖലി തങ്ങളും ഒടുവിൽ ആദൃശേരിയെ സമസ്തയുടെ സമ്മർദ്ദം കാരണം കൈവിടുകയായിരുന്നു. ഹക്കീം ഫൈസിയുമായി ബന്ധപ്പെട്ട ത‍ർക്കം ലീഗിലെ ആഭ്യന്തരപ്രശ്നമായി മാറിയതോടെയാണ് അദ്ദേഹത്തിന് രാജിവെക്കേണ്ടി വന്നത്. സാദിഖലി തങ്ങൾ ഹക്കീം ഫൈസിയുമായി വേദി പങ്കിട്ട പ്രശ്നത്തിൽ കുഞ്ഞാലിക്കുട്ടി സമസ്ത നിലപാടിനൊപ്പം നിൽക്കുകയായിരുന്നു.

ചർച്ചയ്ക്കിടെ സിഐസി അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജി വെക്കുമെന്ന് തങ്ങൾ പറഞ്ഞെങ്കിലും സമസ്ത വഴങ്ങിയില്ല. സമസ്തയുമായി ഇട‌ഞ്ഞാൽ അവർ പരസ്യമായി ഇടതുപക്ഷത്തേക്ക് നീങ്ങുമോ എന്ന് ലീഗിന് ആശങ്കയുണ്ട്. ലീഗിലെ ഒരു വിഭാഗം സമസ്തയ്ക്ക് വേണ്ടി ചരട് വലി തുടങ്ങിയതോടെയാണ് പാണക്കാട് തങ്ങൾ വഴങ്ങിയതും ഹക്കീം ഫൈസിയുടെ രാജി ചോദിച്ച് വാങ്ങിയതും. എന്നാൽ പാണക്കാട് തങ്ങളെ പിണക്കാതെ അദ്ദേഹത്തെ ഹക്കിം ഫൈസി ആദൃശേരി തെറ്റിദ്ധരിപ്പിച്ചു എന്ന പ്രതികരണമാണ് സുന്നി നേതാക്കൾ നടത്തിയത്.

Top