പ്രത്യേക ഓണക്കിറ്റുകളുമായി സപ്ലൈകോ; ഓരോ നൂറു കിറ്റിലും ഒരു സമ്മാനം

തിരുവനന്തപുരം: ഈ വർഷം മുതൽ ഓണം, ക്രിസ്മസ്, റംസാൻ തുടങ്ങിയ ഉത്സവ സീസണുകളിൽ സപ്ലൈകോ സ്‌പെഷൽ കിറ്റുകൾ തയ്യാറാക്കി വിൽപന നടത്തുമെന്ന് ഭക്ഷ്യമന്ത്രി അഡ്വ ജി ആർ അനിൽ. ഇതിന്റെ ഭാഗമായി ഓണത്തോടനുബന്ധിച്ച് 1000 മുതൽ 1200 രൂപവരെ വിലയുള്ള സ്‌പെഷൽ ഓണക്കിറ്റുകൾ തയ്യാറാക്കി വില്പന നടത്തും. റസിഡൻസ് അസോസിയേഷനുകൾ, സഹകരണ സ്ഥാപനങ്ങൾ, സർക്കാർ ഓഫീസുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ സപ്ലൈകോ ഉദ്യോഗസ്ഥർ സന്ദർശിച്ച് ഓർഡറുകൾ ശേഖരിച്ച് ഉപഭോക്താക്കൾക്ക് കിറ്റുകൾ നേരിട്ടെത്തിക്കും.

ഓരോ സൂപ്പർ മാർക്കറ്റിലും കുറഞ്ഞത് 250 സ്‌പെഷ്യൽ കിറ്റുകൾ ഇത്തരത്തിൽ വിൽപന നടത്തും. ഓരോ നൂറു കിറ്റിലും ഒരു സമ്മാനം നൽകും. സംസ്ഥാനതലത്തിൽ മെഗാ നറുക്കെടുപ്പ് നടത്തി സമ്മാനവിതരണവും നടത്തും. സപ്ലൈകോ തയ്യാറാക്കിയിട്ടുള്ള ഓണത്തിന് ആവശ്യമുള്ള സാധനങ്ങളുടെ ലിസ്റ്റിൽ നിന്നും ഉപഭോക്താവിന് അവരവർക്ക് ആവശ്യമുള്ള സാധനങ്ങൾ ഓർഡർ നൽകുന്ന സമയത്ത് തന്നെ തെരഞ്ഞെടുക്കാൻ അവസരമുണ്ടായിരിക്കുമെന്നും മന്ത്രി പറഞ്ഞു.

സപ്ലൈകോ വിൽപനകൂടി വർധിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇടത്തരം കുടുംബങ്ങളുടെയും ഇതുവരെ സപ്ലൈകോ ഔട്ട്‌ലെറ്റുകളിലേക്ക് വരാത്ത കുടുംബങ്ങളെയും സപ്ലൈകോയുടെ ഗുണനിലവാരമുള്ള ഉൽപന്നങ്ങൾ പരിചയപ്പെടുത്തുകയാണ് ലക്ഷ്യം. സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ ആഭിമുഖ്യത്തിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പ് ഈ വർഷം വിപുലമായ ഓണം ഫെയറുകൾ ഓഗസ്റ്റ് 27 മുതൽ സംസ്ഥാനത്തുടനീളം സംഘടിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു.

ഓണം ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം ഓഗസ്റ്റ് 27 ന് തിരുവനന്തപുരത്ത് നടക്കും. എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും 27ന് തന്നെ ജില്ലാ ഫെയറുകൾ ആരംഭിക്കും. എറണാകുളം, കോഴിക്കോട് നഗരങ്ങളിൽ മെട്രോ ഫെയറുകളും സംഘടിപ്പിക്കും. സെപ്റ്റംബർ 6 വരെയാണ് ഫെയറുകൾ. സംസ്ഥാനത്ത് 140 നിയോജകമണ്ഡലങ്ങളിലും സെപ്റ്റംബർ 1 മുതൽ ഫെയറുകൾ സംഘടിപ്പിക്കും. പച്ചക്കറി ഉൾപ്പെടെയുള്ള സാധനങ്ങൾ ഇവിടെ നിന്നും ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.

Top