ഈന്തപ്പഴ വിതരണം; സര്‍ക്കാരിനോട് വിശദീകരണം തേടി കസ്റ്റംസ്

തിരുവനന്തപുരം: യു.എ.ഇ. കോണ്‍സുലേറ്റ് വഴി കൊണ്ടുവന്ന ഈന്തപ്പഴം എവിടെയെല്ലാം വിതരണം ചെയ്തുവെന്ന കാര്യത്തില്‍ സര്‍ക്കാരിനോട് വിശദീകരണം തേടി കസ്റ്റംസ്. സാമൂഹ്യനീതി വകുപ്പിനാണ് കസ്റ്റംസ് നോട്ടീസ് അയച്ചിരിക്കുന്നത്.

17,000 കിലോ ഈന്തപ്പഴം സംസ്ഥാനത്തേക്ക് നയതന്ത്രചാനല്‍ വഴി കൊണ്ടുവന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട രാഷ്ട്രീയ ആക്ഷേപങ്ങള്‍ ഉയര്‍ന്നതോടെ ഈന്തപ്പഴം സ്പെഷ്യല്‍ സ്‌കൂളുകളില്‍ വിതരണം ചെയ്തതായുളള വിവരങ്ങള്‍ പുറത്തുവന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്പെഷ്യല്‍ സ്‌കൂളുകളുടെ ചുമതലയുളള സാമൂഹ്യനീതി വകുപ്പിന് കസ്റ്റംസ് നോട്ടീസ് അയച്ചിരിക്കുന്നത്.

ഈന്തപ്പഴം ഏതൊക്കെ സ്‌കൂളില്‍ കൊടുത്തു, ഏതൊക്കെ സ്ഥലങ്ങളിലെ സ്‌കൂളുകളിലാണ് വിതരണം നടത്തിയത്, എങ്ങനെയാണ് വിതരണം ചെയതത് എന്നീ കാര്യങ്ങളാണ് കസ്റ്റംസ് ആരാഞ്ഞിരിക്കുന്നത്. നോട്ടീസ് ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഈന്തപ്പഴം വിതരണം നടത്തിയതിന്റെ വിവരശേഖരണം സാമൂഹ്യനീതിവകുപ്പ് ആരംഭിച്ചിട്ടുണ്ട്.

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ ജി.ഐ.ടി.പൊളിറ്റിക്കല്‍ വിഭാഗത്തോട് ഇതുവരെ യു.എ.ഇ.കോണ്‍സുലേറ്റില്‍ നിന്ന് നികുതിയിളവിന് വേണ്ടി ആവശ്യപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് നല്‍കണമെന്ന് കസ്റ്റംസ് ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് 2017-വരെ യു.എ.ഇ. കോണ്‍സുലേറ്റ് ആവശ്യപ്പെട്ട നികുതിയിളവ് സര്‍ട്ടിഫിക്കറ്റുകളുടെ വിശദാംശങ്ങള്‍ കസ്റ്റംസിന് കൈമാറിയിരുന്നു. ഈ രേഖകളില്‍ ഈന്തപ്പഴത്തിന്റെ വിവരങ്ങളുമുണ്ട്.

ഈന്തപ്പഴം കൊണ്ടുവരുന്നത് കോണ്‍സുലേറ്റ് ആവശ്യങ്ങള്‍ക്കാണെന്നാണ് അറിയിച്ചത്. ഇപ്രകാരം നികുതിയിളവ് ലഭിച്ച വസ്തുക്കള്‍ പുറത്ത് വിതരണം ചെയ്യുന്നത് ചട്ടവിരുദ്ധമാണ്. പുറത്ത് വിതരണം ചെയ്യണമെങ്കില്‍ നികുതി നല്‍കേണ്ടതുണ്ട്. കേന്ദ്ര വിദേശ കാര്യമന്ത്രാലയത്തിനാണ് ഇക്കാര്യത്തില്‍ നടപടിയെടുക്കാനുളള അധികാരം.

Top