രജനിയുടെയും അജിത്തിന്റെയും പിന്തുണ തേടാന്‍ ദളപതി, രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായി തന്ത്രപരമായ നീക്കങ്ങള്‍

സിനിമയിലെ സൂപ്പര്‍സ്റ്റാര്‍ മത്സരത്തിനോട് ഗുഡ് ബൈ പറഞ്ഞ ദളപതി വിജയ് , രാഷ്ട്രീയത്തിലെ സൂപ്പര്‍സ്റ്റാറാകാനാണ് ഇപ്പോള്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. 2026 -ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പാണ് ദളപതിയുടെ പ്രധാന ലക്ഷ്യം. സൂപ്പര്‍സ്റ്റാര്‍ ‘പട്ടം’ രജനിക്ക് തന്നെ ഇരിക്കട്ടെ എന്നു പറഞ്ഞ്, വിട്ടു കൊടുത്തതിനു പിന്നിലും , ദളപതിയുടെ രാഷ്ട്രീയ ലക്ഷ്യമാണുള്ളത്. രാഷ്ട്രീയത്തില്‍ ഇറങ്ങിയാല്‍ , രജനി ആരാധകരുടെ പിന്തുണയും വിജയ് ആഗ്രഹിക്കുന്നുണ്ട്. ദളപതിയുടെ സുഹൃത്തും സൂപ്പര്‍താരവുമായ അജിത്തിന്റെ ആരാധകരെ ഒപ്പം നിര്‍ത്താനും , തന്ത്രപരമായ നിലപാടാണ് , വിജയ് സ്വീകരിച്ചിരിക്കുന്നത്. എം.ജി.ആറിനും ജയലളിതയ്ക്കും ശേഷം , ചലച്ചിത്ര മേഖലയില്‍ നിന്നും തമിഴ്‌നാട് മുഖ്യമന്ത്രിയാകുന്ന താരമെന്ന ബഹുമതിയാണ് , വിജയ് ആഗ്രഹിക്കുന്നത്. അതുകൊണ്ടു തന്നെ, സിനിമാ മേഖലയിലെ പ്രമുഖരുടെ പിന്തുണ, അദ്ദേഹം അതിയായി ആഗ്രഹിക്കുന്നുമുണ്ട്. സ്വന്തമായി രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് മത്സരിച്ചിട്ടും , ഒന്നും ആകാതിരുന്ന കമല്‍ഹാസന്റെ അനുഭവം പാഠമാക്കിയാണ് , ഇത്തരം മുന്‍കരുതലുകള്‍ വിജയ് സ്വീകരിച്ചു വരുന്നത്.

തമിഴ്‌നാട്ടിലെ 234 നിയമസഭാമണ്ഡലങ്ങളിലും , താഴെ തട്ടുമുതല്‍ ആരാധകരെ സജ്ജരാക്കുന്ന പ്രവര്‍ത്തിയാണ് , ഇപ്പോള്‍ നടന്നു വരുന്നത്. തമിഴകത്തെ ഓരോ ജില്ലകളിലും, ലക്ഷക്കണക്കിന് ആരാധകര്‍ ദളപതിക്കുണ്ട്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും, വിജയ് ഫാന്‍സ് ഏറെ സജീവമാണ്. ഓരോ വര്‍ഷവും കോടിക്കണക്കിനു രൂപയാണ് , വിജയ് മക്കള്‍ ഇയക്കം വഴി… പാവങ്ങള്‍ക്കായി ചിലവിട്ടു വരുന്നത്. തമിഴ്‌നാട്ടില്‍… വിജയ് ഫാന്‍സിനെ പോലെ സംഘടിതമായ ഒരു രൂപം , മറ്റൊരു താരത്തിനും ഇല്ലന്നതും , യാഥാര്‍ത്ഥ്യമാണ്. ദളപതിയുടെ ആരാധക സംഘടനയായ , വിജയ് മക്കള്‍ ഇയക്കത്തിന് , സ്വന്തമായി കൊടികള്‍ പോലുമുണ്ട്. ആരാധക സംഘടന രാഷ്ട്രീയ പാര്‍ട്ടിയായി മാറുമ്പോള്‍ , ഈ കൊടിയും അതിന്റെ ഭാഗമാകാനാണ് സാധ്യത. വിജയ് രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ , ആ നിമിഷം മുതല്‍ , തമിഴകത്തെ മുക്കിലും മൂലയിലും വരെ , പ്രവര്‍ത്തകര്‍ ഉള്ള പാര്‍ട്ടിയായി , ആ പാര്‍ട്ടി മാറും. അത്തരത്തില്‍ തന്നെയാണ് , തന്റെ ആരാധക സംഘടനയെ , ദളപതിവിജയ് സജ്ജമാക്കി വച്ചിരിക്കുന്നത്. ഏറ്റവും ഒടുവിലായി, തമിഴ്‌നാട്ടില്‍ വ്യാപകമായി വായനശാലകള്‍ തുടങ്ങാനാണ് , വിജയ് മക്കള്‍ ഇയക്കം… പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്.

അതായത് , തമിഴ്‌നാട്ടിലെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും , ഈ വായനശാല വിപ്ലവം ഉണ്ടാകുമെന്നത് വ്യക്തം. ഇതിനാവശ്യമായ പുസ്തകങ്ങള്‍ വാങ്ങി കഴിഞ്ഞുവെന്നും, വായനശാലകള്‍ തുടങ്ങാനുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്നും, വിജയ് മക്കള്‍ ഇയക്കവും വ്യക്തമാക്കി കഴിഞ്ഞിട്ടുണ്ട്. ഈ വായനശാലകളെ, ഒരു വിദ്യാഭ്യാസ കേന്ദ്രം കൂടിയായി മാറ്റിയെടുക്കാനാണ് വിജയ് തീരുമാനിച്ചിരിക്കുന്നത്. വായനശാലകള്‍ കേന്ദ്രീകരിച്ച് , സയാഹ്ന ക്ലാസുകള്‍ അടക്കമുള്ളവയും സംഘടിപ്പിക്കും. ഇതോടെ, വിവിധ കാരണങ്ങളാല്‍ പഠനം മുടങ്ങിയവര്‍ക്കും, പഠനത്തിന് പണം ഇല്ലാത്തവര്‍ക്കും, ഇത്തരം കേന്ദ്രങ്ങളിലൂടെ പഠിക്കാനുള്ള അവസരമാണ് ലഭ്യമാകുക.


ഈ ഒരു പ്രവര്‍ത്തനത്തിലൂടെ യുവതീ-യുവാക്കളെ ആകര്‍ഷിക്കാനാണ് , വിജയ് മക്കള്‍ ഇയക്കം ലക്ഷ്യമിടുന്നത്. വിജയ് യുടെ , രാഷ്ട്രീയ പ്രവേശന സൂചന പുറത്തുവരും മുന്‍പു തന്നെ, എല്ലാ നിയമസഭാമണ്ഡലങ്ങളിലും നിയമസഹായകേന്ദ്രങ്ങളും, ക്ലിനിക്കുകളും , അദ്ദേഹത്തിന്റെ ആരാധക സംഘടനയുടെ നേതൃത്വത്തില്‍ , വ്യാപകമായി ആരംഭിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് , ഇപ്പോള്‍ വായനശാല പദ്ധതിയും ആരംഭിക്കാന്‍ പോകുന്നത്. രാഷ്ട്രീയ പ്രവേശനത്തിനു മുന്നോടിയായി, സിനിമകളില്‍ നിന്നും നീണ്ട ഇടവേള എടുക്കുവാനും , വിജയ് തീരുമാനിച്ചിട്ടുണ്ട്. രണ്ട് സിനിമകള്‍ കൂടി പൂര്‍ത്തിയാക്കിയ ശേഷം , മുഴവന്‍ സമയവും രാഷ്ട്രീയ പ്രവര്‍ത്തനത്തിന് ഇറങ്ങാനാണ് , വിജയ് ആലോചിക്കുന്നതെന്നാണ് , തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്.

നിലവില്‍ തമിഴ്‌നാട് ഭരിക്കുന്നത് , ഡി.എം.കെ സര്‍ക്കാറാണ്. മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയായ അണ്ണാ ഡി.എം.കെ, നിലവില്‍ രണ്ടായ അവസ്ഥയിലാണ് ഉള്ളത്. എം.ജി.ആറും ജയലളിതയും വളര്‍ത്തി വലുതാക്കിയ ഈ പാര്‍ട്ടിയുടെ ഇപ്പോഴത്തെ അവസ്ഥ തന്നെയാണ് , വിജയ് യുടെ സാധ്യതയും വര്‍ദ്ധിപ്പിക്കുന്നത്. ഡി.എം.കെയ്ക്ക് ശക്തമായ വെല്ലുവിളി ഉയര്‍ത്താനുള്ള ശേഷി , ഇപ്പോഴത്തെ സാഹചര്യത്തില്‍ , തമിഴകത്തെ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും ഇല്ല. എന്നാല്‍ , പുതിയ രാഷ്ട്രീയ പാര്‍ട്ടിയുമായി വിജയ് രംഗത്തിറങ്ങിയാല്‍ , കളിയും മാറും , രാഷ്ട്രീയ ചിത്രവും മാറും. ഡി.എം.കെയെ സംബന്ധിച്ച് , വലിയ ഭീഷണിയായാണ് , ദളപതിയുടെ രാഷ്ട്രീയപാര്‍ട്ടി മാറുക.


തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ പിന്‍ഗാമിയാകാന്‍ പോകുന്നത് , അദ്ദേഹത്തിന്റെ മകന്‍ ഉദയനിധി സ്റ്റാലിനാണ്. മന്ത്രിയും നടനുമായ ഉദയനിധിക്ക് , വിജയ് എതിരാളിയായി വന്നാല്‍ , എത്രമാത്രം പിടിച്ചു നില്‍ക്കാന്‍ കഴിയുമെന്നതും , പ്രസക്തമായ ചോദ്യമാണ്. ഡി.എം.കെ ഒരു കേഡര്‍ പാര്‍ട്ടിയാണെങ്കിലും , സിനിമ താരങ്ങളെ ദൈവ തുല്യരായി കാണുന്ന തമിഴകത്ത് , ഈ കേഡര്‍ സംവിധാനം കൊണ്ടുമാത്രം , ഡി.എം.കെ യ്ക്ക് പിടിച്ചു നില്‍ക്കാന്‍ കഴിയുകയില്ല. എം.ജി.ആറും , ജയലളിതയും , തമിഴക ഭരണം പിടിച്ചതു തന്നെ , ഈ കേഡര്‍ പൂട്ട് പൊട്ടിച്ചിട്ടാണെന്നതും , തമിഴകത്തെ രാഷ്ട്രീയ ചരിത്രമാണ്. ഈ ചരിത്രം ആവര്‍ത്തിക്കാനാണ് , ദളപതി വിജയ് യും ഇപ്പോള്‍ ശ്രമിക്കുന്നത്. ദ്രാവിഡ മണ്ണില്‍, ഒരു സാധ്യതയും തള്ളിക്കളയാന്‍ കഴിയില്ല എന്നതിനാല്‍, ഡല്‍ഹിയിലെ രാഷ്ട്രീയ നേതൃത്വങ്ങളും , ദളപതിയുടെ പുതിയ നീക്കത്തെ , ആകാംക്ഷയോടെയാണ് ഉറ്റു നോക്കി കൊണ്ടിരിക്കുന്നത്. 39 ലോക്‌സഭ അംഗങ്ങളെ സൃഷ്ടിക്കുന്ന സംസ്ഥാനമായതിനാല്‍, തമിഴകം എന്നത് , ഡല്‍ഹിയെ സംബന്ധിച്ചും , ഏറെ നിര്‍ണ്ണായകം തന്നെയാണ്.

EXPRESS KERALA VIEW

Top