ഇതു താന്‍ടാ തലൈവര്‍ രജനി സ്‌റ്റൈല്‍, ന്യൂ ഇയര്‍പാര്‍ട്ടിയല്ല, പാര്‍ട്ടിയേ ഉണ്ടാക്കി രജനി !

superstar rajanikanth

ചെന്നൈ: ന്യൂ ഇയര്‍ പാര്‍ട്ടികള്‍ക്ക് ഒരുങ്ങിയ ജനങ്ങളെ ഞെട്ടിച്ച് അതുക്കും മേലെ സ്വന്തമായൊരു ‘പാര്‍ട്ടി’യുണ്ടാക്കിയ രജനി സ്‌റ്റൈല്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു.

തലൈവരുടെ പാര്‍ട്ടിയാണ് ശരിക്കും ‘ന്യൂ ഇയര്‍ പാര്‍ട്ടി’യെന്നാണ് സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നത്.

ഏറെ നാളെത്തെ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ന്യൂ ഇയര്‍ സമ്മാനമായി തമിഴകത്തിന് നല്‍കിയ ‘പാര്‍ട്ടി’ കലക്കുമെന്നാണ് ആരാധകര്‍ പ്രതികരിക്കുന്നത്.

തമിഴകം രജനിയുടെ പാര്‍ട്ടി പിടിക്കുമെന്നും അഴിമതിക്കാര്‍ അഴിക്കുള്ളിലാകുമെന്നും ആരാധകര്‍ വിശ്വസിക്കുന്നു.

അതേസമയം രജനിയുടെ രാഷ്ട്രീയ പ്രഖ്യാപനത്തോടെ ഞെട്ടിതരിച്ച തമിഴകത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ അന്തം വിട്ട് നില്‍ക്കുകയാണ്. അണികള്‍ മാത്രമല്ല, നേതാക്കളും കൂട്ടത്തോടെ രജനിയുടെ പാളയത്തിലേക്ക് പോകുമോ എന്നതാണ് ഏവരുടെയും ഭയം.

സിനിമാരംഗത്ത് നിന്നും വന്ന് എം.ജി.ആറും ജയലളിതയും തമിഴക ഭരണം പിടിച്ചത് പോലെ രജനിയും ഭരണം പിടിക്കുമെന്ന് തന്നെയാണ് രാഷ്ട്രീയ നിരീക്ഷകരുടെ നിഗമനം. അതിന് പാകമാണ് ഇപ്പോള്‍ തമിഴക മണ്ണെന്നാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്.

ഇതിനിടെ രജനിയുടെ സിനിമകളിലെ മാസ് ഡയലോഗുകള്‍ ചേര്‍ത്ത് സോഷ്യല്‍ മീഡിയയില്‍ പ്രതികരണങ്ങള്‍ കൊഴുക്കുകയാണ്.

‘തലൈവരുടെ വഴി തനി വഴി’യാണെന്ന് പറഞ്ഞ് ഓട്ടോറിക്ഷകളില്‍ ഇപ്പോള്‍ തന്നെ സ്റ്റിക്കര്‍ ഒട്ടിച്ച് ഒരു വിഭാഗം പ്രചരണം തുടങ്ങി കഴിഞ്ഞു.

പാര്‍ട്ടിയുടെ പേര് പോലും പ്രഖ്യാപിക്കുന്നതിനു മുന്‍പ് തന്നെ തമിഴകം രജനിയുടെ നിലപാടിനെ സ്വാഗതം ചെയ്തിരിക്കുകയാണിപ്പോള്‍.

Top